Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2022 5:29 AM IST Updated On
date_range 30 May 2022 5:29 AM ISTമുളവന പുലിപ്ര പ്ലാച്ചിമുക്കിലെ വിവാദ മണ്ണെടുപ്പ്: ഉദ്യോഗസ്ഥ വീഴ്ച അന്വേഷിക്കാൻ കലക്ടർ ഉത്തരവിട്ടു
text_fieldsbookmark_border
കുണ്ടറ: ഒരു കുടുംബം താമസിച്ചുവന്നിരുന്ന വീടിനോട് ചേർന്ന് ഏഴര അടി താഴ്ചയിൽ മണ്ണ് നീക്കംചെയ്ത സംഭവത്തിൽ കലക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു. ഡെവലപ്മെന്‍റ് പെർമിറ്റിൻെറ മറവിൽ മണ്ണ് മാഫിയക്ക് സഹായകരമായ രീതിയിൽ ഉദ്യോഗസ്ഥർ പെരുമാറിയത് അന്വേഷിക്കും. പരാതിക്കാരിയായ മുളവന പുലിപ്ര പ്ലാച്ചിമുക്ക് മന്ദിരശ്ശേരിൽ സുമ ജോൺസൻ വിവിധ സർക്കാർ ഓഫിസുകളിൽ നൽകിയ പരാതികളിൽ നടപടി സ്വീകരിക്കാതിരുന്നത് സംബന്ധിച്ച് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് റവന്യൂ ഇൻസ്പെക്ഷൻ വിജിലൻസ് വിഭാഗം സീനിയർ സൂപ്രണ്ടിനെ ചുമതലപ്പെടുത്തിയാണ് കലക്ടർ ഉത്തരവിട്ടത്. പരാതിക്കാരിയുടെ വീട് നിൽകുന്ന വസ്തുവിൻെറ ഉയരം കുറച്ച്, സംരക്ഷണഭിത്തി കെട്ടി സുരക്ഷിതമാക്കി താഴത്തെ ഭൂമിയിൽ മറ്റുള്ളവർക്ക് വീട് വെക്കുന്നതിന് ആവശ്യമായ നടപടിയെടുക്കാൻ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു. മണ്ണ് മാഫിയ അനധികൃതമായി മണ്ണെടുത്തതുമൂലം സുമയുടെ വീട് അപകടാവസ്ഥയിലായ സംഭവത്തിലാണ് ഇടപെടൽ. വീടിന് സമീപത്തെ വസ്തുവിൽ വീട് വെക്കുന്നതിനായാണ് മണ്ണ് നീക്കിയത്. സുമയുടെ വീടിൻെറ അടിത്തറ വരെ മണ്ണ് നീക്കം ചെയ്തതിനെ തുടർന്ന് അപകടാവസ്ഥയിലാവുകയായിരുന്നു. സംഭവം വിവാദമായതോടെ കലക്ടറുടെ ഉത്തരവ് പ്രകാരം ജില്ല ജിയോളജിസ്റ്റ് നടത്തിയ പരിശോധനയിൽ അനുവദനീയമായ 2735.7 ക്യൂബിക് മീറ്ററിന് പകരം 4000 ക്യൂബിക് മീറ്റർ മണ്ണ് നീക്കം ചെയ്തതായി തെളിഞ്ഞു. കലക്ടർ പരാതിക്കാരുടെ സാനിധ്യത്തിൽ പഞ്ചായത്ത് സെക്രട്ടറി, ജില്ല ജിയോളജിസ്റ്റ്, തഹസിൽദാർ എന്നിവരുടെ യോഗം വിളിച്ചിരുന്നു. തുടർന്നാണ് നടപടി. ഉത്തരവിലെ മറ്റ് നിർദേശങ്ങൾ: കെട്ടിടം നിർമിക്കുന്നതിന് അത്യാവശ്യ സാഹചര്യങ്ങളിൽ മാത്രം മണ്ണ് നീക്കംചെയ്യുന്നതിനുള്ള ഡെവലപ്മെന്‍റ് പെർമിറ്റ് അനുവദിച്ചാൽ മതിയെന്ന് പഞ്ചായത്ത് സെക്രട്ടറിമാർക്ക് നിർദേശം നൽകാൻ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി. കെട്ടിട നിർമാണത്തിന് മണ്ണ് നീക്കംചെയ്യുന്നതിനുള്ള അപേക്ഷയിൽ കർശന സ്ഥലപരിശോധന നടത്തിയശേഷം മാത്രമേ അനുമതി നൽകൂ. ഭൂപരിവർത്തനം നടത്താതെ കെട്ടിടം നിർമിക്കാൻ കഴിയുന്ന സാഹചര്യങ്ങളിൽ മണ്ണ് നീക്കംചെയ്യാൻ അനുമതി നൽകില്ല. ചെരിഞ്ഞ പുരയിടങ്ങളിൽ പരമാവധി മണ്ണ് പുറത്തേക്ക് കടത്താതെ പുരയിടം നിരപ്പാക്കി കെട്ടിടം നിർമിക്കുന്നതിന് നിർദേശം നൽകാൻ ജില്ല ജിയോളജിസ്റ്റിനോട് കലക്ടർ ഉത്തരവിട്ടു. പെർമിറ്റിൻെറ മറവിൽ അനുവദിച്ച അളവിലധികം മണ്ണ് നീക്കം ചെയ്തതിന് നിയമ പ്രകാരമുള്ള നടപടി സ്വീകരിക്കുന്നതിന് ജിയോളജിസ്റ്റിനെയും ആവശ്യമായ റിപ്പോർട്ട് നൽകുന്നതിന് കുണ്ടറ പഞ്ചായത്ത് സെക്രട്ടറിയെയും കലക്ടർ ചുമതലപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story