Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപേപ്പർ മിൽ പട്ടയം:...

പേപ്പർ മിൽ പട്ടയം: റവന്യൂ വിഭാഗം വീണ്ടും അവധി മറന്ന് സേവനരംഗത്ത്

text_fields
bookmark_border
പുനലൂർ: ​മേഖലയിലെ 750ഓളം കുടുംബങ്ങളുടെ കൈവശഭൂമിക്ക് പട്ടയമെന്ന ഒന്നര പതിറ്റാണ്ട്​ നീണ്ട സ്വപ്നം സാക്ഷാത്കരിക്കാൻ വീണ്ടും അവധി മറന്ന് സേവന സന്നദ്ധരായി റവന്യൂ വിഭാഗം. ഈ മാസം 31ന് നടക്കുന്ന പട്ടയമേളയിൽ വിതരണം ചെയ്യേണ്ട പുനലൂർ താലൂക്കിലെ 565 പട്ടയങ്ങൾ ഇതിനകം തയാറാക്കിയെങ്കിലും പട്ടയം കൈപ്പറ്റുന്നവരുടെ തിരിച്ചറിയൽ രേഖകൾ പരിശോധിച്ച് തിരിച്ചറിയൽ സർട്ടിഫിക്കറ്റ് നൽകുന്നതിനാണ് ഞായറാഴ്ചത്തെ അവധി ഒഴിവാക്കി റവന്യൂ ഉദ്യോഗസ്ഥർ ​ജോലിക്കെത്തിയത്​. പട്ടയ വിതരണം നേരത്തേ 18ന് മുഖ്യമന്ത്രി നടത്തുമെന്ന് പ്രഖ്യാപിച്ചതിനാൽ പട്ടയം എഴുതി തയാറാക്കുന്നതിന് കഴിഞ്ഞ മേയ് ദിനത്തിലും പെരുന്നാൾ അവധിക്കും താലൂക്ക് ഓഫിസ് പ്രവർത്തിച്ചിരുന്നു. പട്ടയവുമായി ബന്ധപ്പെട്ട് കൈവശഭൂമിക്കാരെ ഇതിനകം പലതവണ താലൂക്ക് ഓഫിസിലേക്ക് വരുത്തിയത് ഇത്തവണ ഒഴിവാക്കി. പകരം ഉടമകളുടെ സൗകര്യാർഥം പട്ടയഭൂമിയോട് ചേർന്ന് പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുകയായിരുന്നു. പേപ്പർ മിൽ യു.പി.എസിലും കാഞ്ഞിരമല അംഗൻവാടിയിലും ഞായറാഴ്ച രാവിലെ ഒമ്പതു മുതലായിരുന്നു ക്യാമ്പ്. രണ്ടിടത്തും മൂന്നു വീതം കൗണ്ടറുകൾ സജ്ജമാക്കിയാണ് രേഖകൾ പരിശോധിച്ച് തിരിച്ചറിയൽ സർട്ടിഫിക്കറ്റ് നൽകിയത്. തഹസിൽദാർ കെ.എസ്. നസിയയുടെ മേൽനോട്ടത്തിൽ ഡെപ്യൂട്ടി തഹസിൽദാർമാരായ എ.എം. അഷ്റഫ്, എം.പി. അമ്പിളി, വില്ലേജ് ഓഫിസർ കലാ ജെ. പിള്ള എന്നിവരുടെ ചുമതലയിലായിരുന്നു ക്യാമ്പുകൾ പ്രവർത്തിച്ചത്. ഞായറാഴ്ച 445 തിരിച്ചറിയൽ സർട്ടിഫിക്കറ്റ് നൽകി. പേപ്പർമിൽ പട്ടയം സമരസമിതി നേതാക്കളായ അഡ്വ. എഫ്. കാസ്റ്റലെസ് ജൂനിയർ, സെക്രട്ടറി ടൈറ്റസ് സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ സമിതി പ്രവർത്തകരും ആളുകളെ സഹായിക്കാൻ സജീവമായി രംഗത്തുണ്ടായിരുന്നു. ഞായറഴ്ച ക്യാമ്പിലെത്താത്തവർ സർട്ടിഫിക്കറ്റ് ലഭിക്കാൻ അടുത്ത ദിവസങ്ങളിൽ താലൂക്ക് ഓഫിസുമായി ബന്ധപ്പെടണമെന്ന് തഹസിൽദാർ അറിയിച്ചു. പുനലൂരിലേത്​ കൂടാതെ പത്തനാപുരം താലൂക്കിൽപ്പടുന്ന 191 പേപ്പർമിൽ പട്ടയവും വിതരണത്തിന് പത്തനാപുരം താലൂക്ക് ഓഫിസിൽ തയാറാകുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story