കൂലിത്തർക്കം: യൂനിയൻ നേതാവിനെ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ
text_fieldsആഷിക് അർഷാദ് തൗഫീക്
വൈപ്പിൻ: യൂനിയൻ നേതാവിനെ മാരകായുധങ്ങളുമായി ആക്രമിച്ച് ഗുരുതര പരിക്കേൽപിച്ച സഹോദരങ്ങളും ബന്ധുവുമുൾപ്പെടെ മൂന്ന് യുവാക്കൾ അറസ്റ്റിൽ. മാലിപ്പുറം വട്ടക്കൽ ആഷിക് (26), സഹോദരൻ അർഷാദ് (30), ബന്ധു തൗഫീക്ക് (26) എന്നിവരെയാണ് ഞാറക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.
തെക്കൻ മാലിപ്പുറം കൊച്ചിൻ തുറമുഖ തൊഴിലാളി യൂണിയൻ (സി.ടി.ടി.യു) ജോയന്റ് കൺവീനറായ നെട്ടം പുരക്കൽ ഷമീറിനെയാണ് (41) ആക്രമിച്ചത്. 20ന് രാത്രി ഒമ്പതോടെയായിരുന്നു സംഭവം.
പരിക്കേറ്റ ഷെമീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഹോദരങ്ങളായ അർഷാദും ആഷിക്കും സ്ഥലം നികത്തുന്നവർക്കായി പൈലിങ് വേസ്റ്റും മറ്റും സ്ഥലത്ത് എത്തിച്ചുകൊടുക്കുന്ന ഏജൻസികളായി പ്രവർത്തിക്കുകയാണ്. ടോറസിൽ എത്തിക്കുന്ന ഒരു ലോഡിന് നിശ്ചിത തുക കയറ്റിറക്കുകാർ കൂലി നൽകാറുണ്ട്. ഇതിനിടെ കൂലി സംബന്ധിച്ച് തർക്കമുണ്ടായി. ഇതേ തുടർന്ന് ബന്ധുവായ തൗഫീക്കിനെയും കൂട്ടി പ്രതികൾ യൂനിയൻ നേതാവിനെ ആക്രമിക്കുകയായിരുന്നെന്ന് ഞാറക്കൽ പൊലീസ് അറിയിച്ചു.
ഷെമീറിന്റെ മൊഴിയെ തുടർന്ന് കേസെടുത്ത പൊലീസ് മൂവരെയും വടുതല ഭാഗത്തുനിന്ന് അറസ്റ്റു ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പൊലീസ് സംഘത്തിൽ എസ്.ഐ അഖിൽ വിജയകുമാർ, എ.എസ്.ഐ സി.എ. ഷാഹിർ, സി.പി.ഒമാരായ ഷിബു, നിബു എന്നിവരാണ് ഉണ്ടായിരുന്നത്.

