വൈപ്പിനിലെ ആദ്യ സി.എൻ.ജി ബസ് ഇന്ന് മുതൽ നിരത്തിൽ
text_fieldsമുനമ്പം: വൈപ്പിനിലെ ആദ്യ സി.എന്‍.ജി (കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ്) ബസ് ഞായറാഴ്ച നിരത്തിലിറങ്ങും. കുഴുപ്പിള്ളി സ്വദേശി പ്രശാന്തിെൻറ ഉടമസ്ഥയിെല കണ്ണനുണ്ണി എന്ന ബസാണ് ഞായറാഴ്ച മുതല്‍ മുനമ്പത്തുനിന്ന് എറണാകുളത്തേക്ക് സര്‍വിസ് ആരംഭിക്കുന്നത്.
ഇന്ധനവില കത്തിക്കയറിയതോടെയാണ് സ്വകാര്യബസുകളും സി.എന്‍.ജിയുടെ പാതയിലേക്ക് നീങ്ങാന്‍ നിര്‍ബന്ധിതരായതെന്ന് പ്രശാന്ത് പറയുന്നു. കോവിഡ് കാലത്ത് രണ്ടു വര്‍ഷത്തിനിടക്ക് ആറുമാസം മാത്രമാണ് ഓടാന്‍ കഴിഞ്ഞത്. നിയന്ത്രണങ്ങളില്‍ ഇളവു വന്നതോടെ സ്ഥിതി മെച്ചപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ഇദ്ദേഹം പറയുന്നു.
പെട്രോള്‍ ലിറ്ററിന് 105 രൂപയും ഡീസലിന് 92 രൂപയുമാണ് വില. എന്നാല്‍, സി.എന്‍.ജി ലിറ്ററിന് 71 രൂപയാണ് നിരക്ക്. രണ്ടുമാസം മുമ്പുവരെ 57 രൂപയായിരുന്നു. ഇന്ധനവിലയിലെ മെച്ചം മാത്രമല്ല മൈലേജും ഡീസലിെൻറ ഇരട്ടി ലഭിക്കുന്നുണ്ട്. കളമശ്ശേരിയിലാണ് സി.എന്‍.ജി ഗാരേജ്. അഞ്ചേകാല്‍ ലക്ഷം രൂപയാണ് ബസ് സി.എന്‍.ജിയിലേക്ക് മാറ്റാന്‍ പ്രശാന്തിനു ചെലവായത്. വൈപ്പിനില്‍ സി.എന്‍.ജി പമ്പ് വേണമെന്നാണ് ഇവരുടെ ആവശ്യം.