വൈപ്പിനിൽ വാഹന അപകടങ്ങൾ വർധിച്ചു
text_fieldsവൈപ്പിൻ: റോഡ് സുരക്ഷ ബോധവത്കരണത്തിന്റെ വിവിധ ഘട്ടങ്ങൾ പൂർത്തിയായിട്ടും വൈപ്പിനിൽ അപകടങ്ങൾക്ക് കുറവില്ല.
ചൊവ്വാഴ്ച രാത്രി ഗോശ്രീ ഒന്നാം പാലത്തിൽ കണ്ടെയ്നർ ലോറിയിൽ ബൈക്കിടിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ടുപേരിൽ ഒരാൾ മരണപ്പെട്ട സംഭവമാണ് ഒടുവിലത്തേത്. പുതുവൈപ്പ് സ്വദേശി റിൻസനാണ് (39) ജീവൻ നഷ്ടപ്പെട്ടത്.
കണ്ടെയ്നർ ലോറിയെ മറികടക്കാൻ ശ്രമിക്കവേ എതിരെ വന്ന വാഹനത്തിലിടിച്ച് ലോറിക്കടിയിലേക്ക് ഇരുവരും തെറിച്ചു വീഴുകയായിരുന്നു. ഗോശ്രീ റോഡിൽ അനധികൃതമായി കണ്ടെയ്നർ ലോറികൾ പാർക്ക് ചെയ്യുന്നത് നിരന്തരമായ അപകടങ്ങൾക്ക് വഴിവെക്കുന്നതായി നേരത്തേതന്നെ ആക്ഷേപം ഉയർന്നിരുന്നു.
കഴിഞ്ഞ ദിവസം കുഴുപ്പിള്ളി അയ്യമ്പിള്ളി പാലത്തിന്റെ വടക്കേ ഇറക്കില്‍ നിയന്ത്രണംവിട്ട കാര്‍ റോഡരികിലൂടെ പോകുകയായിരുന്ന കാല്‍നടക്കാരിയെ ഇടിച്ചു വീഴ്ത്തി തൊട്ടടുത്തുള്ള പോസ്റ്റും തകര്‍ത്താണ് നിന്നത്.
കഴിഞ്ഞയാഴ്ച നായരമ്പലത്തും എടവനക്കാടും റോഡിന്‍റെ അരികിലേക്ക് പാഞ്ഞുകയറിയ വാഹനങ്ങള്‍ വൈദ്യുതി പോസ്റ്റുകള്‍ തകര്‍ത്തതും പ്രതിഷേധത്തിനിടയാക്കി.