
വൈപ്പിൻ ബീച്ചുകളിൽ പുതുവത്സര ആഘോഷങ്ങൾക്ക് വിലക്ക്
text_fieldsചെറായി (എറണാകുളം): ബീച്ചുകളിൽ പുതുവത്സരാഘോഷത്തിന് വിലക്ക് ഏർപ്പെടുത്തി പൊലീസ്. ചെറായി ബീച്ചിലും സമീപത്തെ കുഴുപ്പിള്ളി, കോൺവൻറ്, മുനമ്പം ബീച്ചുകളിലും രാത്രി ന്യൂ ഇയർ ആഘോഷങ്ങൾ അനുവദിക്കില്ലെന്ന് പൊലീസും ആരോഗ്യ വകുപ്പും അറിയിച്ചു.
റിസോർട്ടുകൾ, ഹോം സ്റ്റേകൾ തുടങ്ങിയ ഇടങ്ങളിൽ കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾക്ക് വിധേയമായി ആഘോഷങ്ങൾ ആകാം. നിയന്ത്രണങ്ങളുടെ ഭാഗമായി 31ന് വൈകീട്ട് ആറോടെ സംസ്ഥാന പാതയിൽനിന്നും മുനമ്പം, കരുത്തല, രക്ത്വേശ്വരി, കുഴുപ്പിള്ളി, ചാത്തങ്ങാട് തുടങ്ങിയ എല്ലാ ബീച്ച് റോഡുകളും അടച്ച് പൊലീസ് പിക്കറ്റ് ഏർപ്പെടുത്തും.
ആറിന്ശേഷം ടൂറിസ്റ്റുകളെയോ, വാഹനങ്ങളോ കടത്തി വിടില്ല. റിസോർട്ടുകളിൽ മുൻകൂട്ടി ബുക്ക് ചെയ്തിട്ടുള്ള ടൂറിസ്റ്റുകളെ ബന്ധപ്പെട്ട രേഖകൾ കാണിച്ചാൽ കടത്തിവിടും. പൊലീസ് പിക്കറ്റ് പ്രാദേശിക ജനജീവിതത്തെ ബാധിക്കില്ല.
നിലവിലെ നിയന്ത്രണങ്ങൾക്കനുസരിച്ച് സൂര്യാസ്തമയത്തിനുശേഷം ബീച്ചിൽനിന്ന് പൊലീസ് എല്ലാ സന്ദർശകരെയും തിരിച്ചയക്കും. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് മുനമ്പം എസ്.ഐ എ.കെ. സുധീർ അറിയിച്ചു.
