ചെറുമത്സ്യ ബന്ധനം; 11 വള്ളങ്ങൾ കസ്റ്റഡിയിലെടുത്തു
text_fieldsഹാർബറുകളിൽനിന്ന് കസ്റ്റഡിയിലെടുത്ത വള്ളങ്ങൾ
വൈപ്പിൻ: ചെറുമത്സ്യ ബന്ധനം നടത്തിയതിന് കാളമുക്ക് ഹാർബറിൽ നിന്ന് എട്ടും ചെല്ലാനം ഹാർബറിൽ നിന്ന് മൂന്നും ഫൈബർ വള്ളങ്ങൾ പിടികൂടി. 2.14 ലക്ഷം രൂപ പിഴ അടപ്പിച്ചു.
10,000 കിലോയോളം ചെറുമത്സ്യം കടലിൽ കളഞ്ഞു. നിയമപ്രകാരം വേണ്ട വലിപ്പം ഇല്ലാത്ത അയല മത്സ്യവുമായി എത്തിയ പ്രവാചകൻ, വാലയിൽ, ഹെനോക്ക് 1, സങ്കീർത്തനം, പാവനം, താനക്കൽ, പാട്ടുകാരൻ, ക്രിസ്തുരാജ് തുടങ്ങിയ എട്ട് ഫൈബർ വള്ളങ്ങൾ കാളമുക്ക് ഹാർബറിൽ നിന്നും എയർ ഇന്ത്യ 1, ജോസ്മോൻ, ഐ.എം.എസ്.എന്നീ മൂന്ന് ഫൈബർ വള്ളങ്ങൾ ചെല്ലാനം ഹാർബറിൽ നിന്നുമാണ് പിടികൂടിയത്.
വൈപ്പിൻ ഫിഷറീസ് സ്റ്റേഷനിലെ ഫിഷറീസ് - മറൈൻ എൻഫോഴ്സ്മെന്റ് പ്രത്യേക ടീമുകളുടെ പരിശോധനയിലാണ് ഇരു ഹാർബറുകളിൽ നിന്നും വള്ളങ്ങൾ പിടിച്ചെടുത്തത്.
ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർമാരായ ബി.എസ്. സീതാലക്ഷ്മി, അക്ഷയ് എ. കുമാർ, മറൈൻ എൻഫോഴ്സ്മെൻറ് ഇൻസ്പെക്ടർ മഞ്ജിത് ലാൽ, പൊലീസ് ഉദ്യോഗസ്ഥരായ ജോബി, ഷിജു, നൈന, ഷൈബിൻ, അനീഷ്, വിഷ്ണു എന്നിവരും സീ ഗാർഡുമാരായ പ്രസാദ്, സുരാജ്, ബാലു, ജിപ്സൺ, അജീഷ്, ജോൺ ബ്രിസ്റ്റോ എന്നിവരും അടങ്ങുന്ന രണ്ട് സ്ക്വാഡുകളാണ് വള്ളങ്ങൾ കസ്റ്റഡിയിലെടുത്തത്. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ. ബെൻസൺ തുടർനടപടി സ്വീകരിച്ചു. തുടർ ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് ഫിഷറീസ് അസി. ഡയറക്ടർ പി. അനീഷ് അറിയിച്ചു.

