തീരദേശ പരിപാലന നിയമം; തെരുവിൽ അത്താഴവും കിടപ്പ് സമരവുമായി ഇരകൾ
text_fieldsസി.ആർ.ഇസഡ് ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ എടവനക്കാട് സംഘടിപ്പിച്ച
‘തെരുവിൽ അത്താഴവും കിടപ്പ് സമരവും’ വി. ദിനകരൻ ഉദ്ഘാടനം ചെയ്യുന്നു
വൈപ്പിൻ: തീരദേശ പരിപാലന നിയമ ഭേദഗതി നടപ്പാക്കാത്തതുമൂലം വീട് നിർമാണം നിഷേധിക്കപ്പെട്ട വൈപ്പിൻ, പറവൂർ മണ്ഡലങ്ങളിലെ ഇരകളും കുടുംബാംഗങ്ങളും ഒത്തുചേർന്ന് സി.ആർ.ഇസഡ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ എടവനക്കാട് പഞ്ചായത്ത് ഓഫിസിന് മുന്നിൽ അത്താഴവും കിടപ്പ് സമരവും നടത്തി. സമരം അഖില കേരള ധീവരസഭ സംസ്ഥാന സെക്രട്ടറി വി. ദിനകരൻ ഉദ്ഘാടനം ചെയ്തു.
സി.ആർ. ഇസഡ് നിയമത്തിന്റെ നിഴലിൽ തദ്ദേശീയരായ തീരദേശ ജനതയെ കുടിയൊഴിപ്പിക്കുവാനുള്ള ഗൂഢശ്രമമാണ് ഭരണകൂടങ്ങളിൽ നിന്ന് ഉണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാരുടെ ഭവന നിർമാണത്തിന് നിയമം തടസ്സമായി നിൽക്കുമ്പോഴും വിനോദസഞ്ചാരത്തിന്റെ പേരിൽ വൻകിട നിർമാണ പ്രവർത്തനങ്ങൾ സുഗമമായി നടക്കുകയാണ്.
തീരദേശ മേഖലയിലെ മുന്നൂറിലധികം ഗ്രാമപഞ്ചായത്തുകളിലായി ആയിരക്കണക്കിന് കുടുംബങ്ങളാണ് നിയമത്തിന്റെ പേരിൽ ഭവന നിർമാണം തടസ്സപ്പെട്ടുനിൽക്കുന്നത്. നിയമ ഭേദഗതി നടപ്പിൽ വരുത്തി ജനങ്ങൾക്ക് ഭവന നിർമാണം ആരംഭിക്കുന്നതിന് സർക്കാർ മുൻകൈയെടുക്കണം.
പ്രത്യക്ഷ സമരങ്ങളിലൂടെയും നിയമ പോരാട്ടങ്ങളിലൂടെയും ഇത്തരം അനീതിക്കെതിരെ ശക്തമായ പോരാട്ടങ്ങൾ തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ആക്ഷൻ കൗൺസിൽ ചെയർമാൻ ഇ.കെ. സലിഹരൻ അധ്യക്ഷത വഹിച്ചു.
കേരളത്തിൽ 225 ഗ്രാമങ്ങളിലെ ജനങ്ങളാണ് സി.ആർ.ഇസഡ് നിയമം മൂലം വീട് നിർമിക്കാനാവാതെ ബുദ്ധിമുട്ടുന്നതെന്നും ജനിച്ച നാട്ടിൽ ഒരുവിധ അവകാശങ്ങളുമില്ലാത്ത സ്ഥിതിയിലേക്ക് സാധാരണക്കാരനെ തള്ളിവിടുകയും കുത്തകക്കാർക്ക് വളരാൻ വഴിയൊരുക്കുകയുമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭേദഗതി നടപ്പാക്കി തീരദേശ ജനതക്ക് നിയമത്തിന്റെ ആനുകൂല്യം നൽകാൻ കേരള തീരദേശ പരിപാലന അതോറിറ്റി ഇതുവരെ തയാറാകാത്തതിനാലാണ് ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുന്നത്. ഡിസംബർ എട്ടിന് വൈപ്പിൻ മണ്ഡലത്തിൽ നടക്കുന്ന നവകേരള സദസ്സിൽ മുഖ്യമന്ത്രിയെ കണ്ട് വിഷയം അവതരിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വീട് നിർമാണ പെർമിറ്റ് നിഷേധിക്കപ്പെട്ടവർക്ക് ഉടൻ നഷ്ടപരിഹാരം അനുവദിക്കണമെന്നും ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.
മുസ്ലിം ലീഗ് വൈപ്പിൻ മണ്ഡലം സെക്രട്ടറി പി.എച്ച്. ബക്കർ, എസ്.ഡി.പി.ഐ ജില്ല സെക്രട്ടറി കെ.എ. മുഹമ്മദ് ഷമീർ, മണ്ഡലം പ്രസിഡന്റ് സുധീർ ഉമ്മർ, പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൽ സലാം, ധീവര മഹിളസഭ പ്രസിഡന്റ് ശാന്തി മുരളി, കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റി അംഗം പ്രശോഭ് ഞാവേലിൽ.
കെ.എൽ.സി.എ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറിൻ ജെ. തോമസ്, സി.സി.എം.ആർ.ഡി സെക്രട്ടറി ഉണ്ണികൃഷ്ണൻ പശുപാലൻ, പ്രസിഡന്റ് അരവിന്ദാക്ഷൻ, ധീവരസഭ താലൂക്ക് പ്രസിഡന്റ് എ.കെ. സരസൻ, ആം ആദ്മി ജില്ല പ്രസിഡന്റ് സിജുപോൾ, ഹ്യൂമൻ റൈറ്റ് ഫെഡറേഷൻ ജില്ല സെക്രട്ടറി പരീത് വലിയപറമ്പിൽ.
ആം ആദ്മി ജില്ല വനിതാവിങ് പ്രസിഡന്റ് കാമില വിത്സൻ, ബാങ്ക് പ്രസിഡന്റ് ടി.എ. ജോസഫ്, വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ജ്യോതിവാസ് പറവൂർ, ഹെൻട്രി ഓസ്റ്റിൻ, ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി ചെയർമാൻ പോൾ ജെ. മാമ്പിള്ളി, ഡോ. മുകുന്ദൻ, മത്സ്യത്തൊഴിലാളി കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി മുനമ്പം സന്തോഷ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

