കെണിയിൽപെടുത്തി നഗ്നചിത്രമെടുത്ത് പണം തട്ടി; യുവതി അറസ്റ്റിൽ
text_fieldsകാക്കനാട്: കെണിയിൽപെടുത്തി യുവ വ്യവസായിയിൽനിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. കാക്കനാടിനുസമീപം എൻ.ജി.ഒ ക്വാർട്ടേഴ്സ് എം.ഐ.ആർ ഫ്ലാറ്റിൽ താമസിച്ചിരുന്ന കുരുംതോട്ടത്തിൽ ഷിജിമോളാണ് (34) തൃക്കാക്കര പൊലീസിന്റെ പിടിയിലായത്.
നഗ്നചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പലതവണയായി മലപ്പുറം സ്വദേശിയിൽനിന്ന് 38 ലക്ഷം രൂപയാണ് ഷിജിമോൾ തട്ടിയത്.
കഴിഞ്ഞ സെപ്റ്റംബറിൽ സ്ത്രീ സുഹൃത്തിനെ കാണാനായി കാക്കനാട് അമ്പാടിമൂലയിലെ ഫ്ലാറ്റിലെത്തിയ യുവാവിനെ മയക്കുമരുന്ന് കലർത്തിയ ശീതളപാനീയം നൽകി മയക്കിയ ശേഷം ഷിജിമോൾ ദൃശ്യങ്ങളും ചിത്രങ്ങളും എടുക്കുകയായിരുന്നു. രണ്ട് ദിവസത്തിനുശേഷം ഇയാളെ ഫോണിൽ വിളിച്ച് തന്റെ പക്കൽ ദൃശ്യങ്ങളും ചിത്രങ്ങളും ഉണ്ടെന്നും ഇവ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ലൈംഗികബന്ധത്തിലേർപ്പെട്ട വിവരം കുടുംബാംഗങ്ങളോട് പറയുമെന്നും ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
തൃക്കാക്കര എ.സി.പി പി.വി. ബേബിയുടെ നിർദേശപ്രകാരം നടത്തിയ രഹസ്യ നീക്കത്തിലാണ് പ്രതിയെ പിടികൂടിയത്.

