തൃക്കാക്കര തയാർ
text_fieldsകൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗൾ, കലക്ടർ ജാഫർ മാലിക് എന്നിവർ അറിയിച്ചു.
സമാധാനപരവും സുഗമവുമായ തെരഞ്ഞെടുപ്പിനായി സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ജനങ്ങളും സഹകരിക്കണമെന്നും അവർ അഭ്യർഥിച്ചു. വോട്ടെണ്ണൽ കേന്ദ്രമായ മഹാരാജാസ് കോളജിലാണ് വോട്ടുയന്ത്രങ്ങൾ സൂക്ഷിക്കാനുള്ള സ്ട്രോങ് റൂം. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നിയോഗിച്ച പൊതുനിരീക്ഷകൻ ഗിരീഷ് ശർമയുടെയും ചെലവ് നിരീക്ഷകൻ ആർ.ആർ.എൻ. ശുക്ലയുടെയും നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നിരീക്ഷിച്ചുവരുകയാണെന്നും അധികൃതർ അറിയിച്ചു.
പരസ്യപ്രചാരണം 29ന് വൈകീട്ട് ആറിന് അവസാനിക്കും. മണ്ഡലത്തിന് പുറത്തുനിന്ന് വന്ന നേതാക്കൾ, പ്രവർത്തകർ, മറ്റ് പ്രതിനിധികൾ തുടങ്ങിയവർ പരസ്യ പ്രചാരണം അവസാനിച്ച ശേഷം മണ്ഡലത്തിൽ തുടരാൻ പാടില്ല. നിയോജകമണ്ഡലത്തിെൻറ അതിർത്തികളിൽ കർശന വാഹന പരിശോധന ഉണ്ടാകുമെന്നും സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറും കലക്ടറും അറിയിച്ചു.വോട്ടെടുപ്പ് പൂർത്തിയാകുന്നതിന് തൊട്ടുമുമ്പുള്ള 48 മണിക്കൂർ മണ്ഡലത്തിൽ മദ്യനിരോധനം ഏർപ്പെടുത്തും. ഈ സമയത്ത് പൊതുസ്ഥലത്തോ സ്വകാര്യ ഇടങ്ങളിലോ മദ്യം വിൽക്കുന്നതും വിതരണം ചെയ്യുന്നതും ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണ്. പോളിങ് ദിനത്തിലും മദ്യനിരോധനം പ്രാബല്യത്തിലുണ്ടാകും.വോട്ടെടുപ്പ് ദിവസം തൃക്കാക്കര നിയമസഭ മണ്ഡലത്തിലെ വോട്ടർമാരായ തൊഴിലാളികൾക്കും ജീവനക്കാർക്കും ശമ്പളത്തോടുകൂടിയ അവധി നൽകണമെന്ന് അധികൃതർ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി.
മേയ് 31ന് രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറ് വരെയാണ് വോട്ട് രേഖപ്പെടുത്താനുള്ള സമയം. വൈകീട്ട് ആറ് വരെ ബൂത്തിലെത്തുന്നവര്‍ക്ക് വോട്ട് രേഖപ്പെടുത്താം. വിധിയെഴുതുന്നത് 1,96,805 വോട്ടർമാരാണ്. ഇതിൽ 3633 പേരാണ് കന്നി വോട്ടർമാർ. 239 ബൂത്താണ് വോട്ടെടുപ്പ് പ്രക്രിയക്കായി തയാറാക്കിയിരിക്കുന്നത്.
മണ്ഡലത്തിൽ പ്രശ്നബാധിത ബൂത്തുകളോ പ്രശ്നസാധ്യത ബൂത്തുകളോ ഇല്ലന്നുള്ളത് മറ്റൊരു പ്രത്യേകതയാണ് തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് കൂടാതെ ആധാര്‍കാര്‍ഡ്, ഡ്രൈവിങ് ലൈസൻസ്, പാൻ കാര്‍ഡ്, പാസ്പോര്‍ട്ട്, ഫോട്ടോ പതിച്ച പെൻഷൻ രേഖ, കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളും പൊതുമേഖല സ്ഥാപനങ്ങളും നൽകിയിട്ടുള്ള ഫോട്ടോ പതിച്ച സര്‍വിസ് ഐഡന്‍റിറ്റി കാര്‍ഡ്, എം.പിമാരും എം.എല്‍.എമാരും നൽകിയിട്ടുള്ള ഔദ്യോഗിക ഐഡന്‍റിറ്റി കാര്‍ഡ്, തൊഴിലുറപ്പ് പദ്ധതി തൊഴില്‍ കാര്‍ഡ്, ബാങ്കുകളും പോസ്റ്റ് ഓഫിസുകളും നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ് ബുക്ക്, കേന്ദ്ര തൊഴില്‍ മന്ത്രാലയം നൽകിയിട്ടുള്ള ആരോഗ്യ ഇൻഷുറൻസ് സ്മാര്‍ട്ട് കാര്‍ഡ് എന്നിവയും തിരിച്ചറിയല്‍ രേഖകളായി പരിഗണിക്കും.
80 വയസ്സില്‍ കൂടുതലുള്ള വോട്ടര്‍മാര്‍ക്ക് ക്യൂവില്‍ നില്‍ക്കാതെ നേരിട്ട് വോട്ടുചെയ്യാം. മുഴുവൻ ബൂത്തിലും വളന്‍റിയര്‍മാരുടെ സേവനവും വീല്‍ചെയറും ഉണ്ടാകും.
പഴുതടച്ച സുരക്ഷയൊരുക്കി പൊലീസ്
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സിറ്റി പൊലീസ് കമീഷണര്‍ സി. നാഗരാജുവിെൻറ നേതൃത്വത്തില്‍ മണ്ഡലത്തില്‍ പഴുതടച്ച സുരക്ഷയൊരുക്കി. ആയിരത്തോളം പൊലീസുകാരെയാണ് വിന്യസിക്കുന്നത്. കൂടാതെ അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ രംഗത്തിറക്കുന്നതിന് ഒരു കമ്പനി സായുധ പൊലീസും ബി.എസ്.എഫ്, സി.ആർ..എഫ്, സി.ഐ.എസ്.എഫ് എന്നിവയുടെ ഓരോ കമ്പനികളും പൂര്‍ണ സജ്ജരാണ്. മണ്ഡലത്തിലെ എല്ലാ പോളിങ് ബൂത്തിലും വോട്ടെടുപ്പിന് തലേന്നും വോട്ടെടുപ്പ് ദിവസവും സുരക്ഷയ്ക്ക് പൊലീസ് ഉണ്ടാകും. അഞ്ച് ബൂത്തുകളില്‍ കൂടുതലുള്ള പോളിങ് സ്‌റ്റേഷനുകളില്‍ പിക്കറ്റ് പോസ്റ്റ് ഏര്‍പ്പെടുത്തും. എസ്.ഐയും അഞ്ച് പൊലീസുകാരും ഉള്‍പ്പെട്ടതാണ് പിക്കറ്റ്. ഇത്തരത്തില്‍ 14 പിക്കറ്റ് പോസ്റ്റുകളാണ് തൃക്കാക്കര മണ്ഡലത്തിലുണ്ടാകുക. പ്രായമായവരേയും ഭിന്നശേഷിക്കാരേയും സഹായിക്കുന്നതിനായി സ്റ്റുഡന്റ് പൊലീസ് കാഡറ്റുകളെയും നിയോഗിക്കും. 10 ബൂത്തുകള്‍ക്ക് വീതം ഓരോ ഗ്രൂപ്പ് പട്രോളിങ് സംഘവും ഉണ്ടാകും. എസ്.ഐയും രണ്ടു സിവില്‍ പോലീസുകാരും ഉള്‍പ്പെട്ട ഗ്രൂപ്പ് പട്രോളിങ് സംഘം അര മണിക്കൂര്‍ ഇടവിട്ട് ബൂത്തുകള്‍ സന്ദര്‍ശിക്കും. ഇത്തരത്തില്‍ 16 ഗ്രൂപ്പുകള്‍ ഉണ്ടാകും.
മണ്ഡലത്തിലെ ഏഴു പൊലീസ് സ്‌റ്റേഷന്‍ പരിധിയിലും സ്‌റ്റേഷന്‍ ഹൗസ് ഓഫീസറുടെ നേതൃത്വത്തില്‍ സ്‌ട്രൈക്കിങ് ഫോഴ്‌സിനെയും നിയോഗിച്ചിട്ടുണ്ട്. കെ.എ.പി ബറ്റാലിയനിലെ 30 പേര്‍ വീതമുള്ള മൂന്ന് അഡീഷണല്‍ സ്‌ട്രൈക്കിംഗ് ഫോഴ്‌സിനെയും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും. തെരഞ്ഞെടുപ്പ് ദിവസം മഴക്കെടുതി ഉണ്ടായാല്‍ നേരിടുന്നതിന് ഫയര്‍ഫോഴ്‌സ്, സിവില്‍ ഡിഫന്‍സ് എന്നിവരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കും. പരസ്യപ്രചാരണം അവസാനിക്കുന്ന 29ന് വൈകീട്ട് വൈറ്റില, കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്‌സ് പരിസരം, പാലാരിവട്ടം എന്നിവിടങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രത്യേക ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.