യുവാവിനെ കമ്പികൊണ്ട് മർദിച്ച സംഭവം: പ്രതിയെ പിടികൂടാനാകാതെ പൊലീസ്
text_fieldsമെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫെക്സിൻ ഫ്രാൻസിസ്
പറവൂർ: ഇരുചക്ര വാഹനയാത്രികന്റെ കൈ കമ്പികൊണ്ട് അടിച്ചുപൊട്ടിച്ചതായി പരാതി. ചൊവ്വാഴ്ച രാത്രി നടന്ന സംഭവത്തിൽ ഇതുവരെയും പ്രതിയെ പിടികൂടാനാകാതെ വടക്കേക്കര പൊലീസ്. ചാത്തേടം തുരുത്തിപ്പുറം പടമാട്ടുമ്മൽ വീട്ടിൽ ഫെക്സിൻ ഫ്രാൻസിസിനാണ് (32) മർദനമേറ്റത്. ഇയാൾ എറണാകുളം ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. എല്ല് പൊട്ടിയതിനാൽ ഡോക്ടർ ശസ്ത്രക്രിയക്ക് നിർദേശിച്ചിരിക്കുകയാണ്. കെ.എൽ 42 കെ 3852 എന്ന ബൈക്കിൽ വന്നയാളാണ് ഫെക്സിനെ വാഹനത്തിലെ കമ്പി ഊരിയെടുത്ത് ആക്രമിച്ചത്.
ആലുവയിലെ ജോലി സ്ഥലത്തുനിന്ന് വാഹനത്തിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ പാലിയം സ്കൂളിന് സമീപമാണ് സംഭവം. പിന്നിൽനിന്ന് അതിവേഗത്തിൽ വന്ന ബൈക്ക് ഫെക്സിന്റെ വാഹനത്തിന് മുൻഭാഗത്ത് മുട്ടിയശേഷം മറിഞ്ഞുവീണു. ഇതിൽ പ്രകോപിതനായി ഫെക്സിനെ വാഹനമടക്കം മറിച്ചിട്ടു. കാലുകൾ വാഹനത്തിനടിയിലായ ഫെക്സിനെ കമ്പികൊണ്ട് തുടർച്ചയായി ആക്രമിച്ചു. ശബ്ദംകേട്ട് നാട്ടുകാരാണ് ആക്രമണം തടഞ്ഞത്. നാട്ടുകാർ ആദ്യം ഗവ. ആശുപത്രിയിലും ശേഷം മെഡിക്കൽ കോളജിലും ഫെക്സിനെ എത്തിക്കുകയായിരുന്നു. വി.വി. മനോജിന്റെ പേരിലാണ് ബൈക്ക് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വാഹനം പൊലീസ് കസ്റ്റഡിയിലാണ്. ഒളിവിലായ പ്രതിക്കുവേണ്ടി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.

