ചെമ്മീൻ കെട്ടുകളിൽ വൈറസ് ബാധ; ഞണ്ടുകളും ചെമ്മീനും കൂട്ടത്തോടെ ചത്തൊടുങ്ങുന്നു
text_fieldsപറവൂർ, വരാപ്പുഴ മേഖലയിലെ
ചെമ്മീൻ കെട്ടുകളിൽ വൈറസ്
ബാധിച്ച ചെമ്മീനുകൾ
പറവൂർ: പറവൂർ, വരാപ്പുഴ മേഖലയിലെ മത്സ്യ കർഷകരെ ദുരിതത്തിലാക്കി ചെമ്മീൻ കെട്ടുകളിൽ വൈറസ് ബാധ. എറണാകുളം, തൃശൂർ, ആലപ്പുഴ ജില്ലകളിലെ ചെമ്മീൻ കെട്ടുകളിൽ ഉണ്ടായ വൈറസ് ബാധയാൽ ചെമ്മീനും ഞണ്ടുകളും കൂട്ടത്തോടെ ചത്തൊടുങ്ങുന്നു.
മുൻ വർഷങ്ങളിലും സമാന രീതിയിലുള്ള വൈറസ് ബാധ ഉണ്ടായിട്ടുണ്ട്. എറണാകുളം ജില്ലയിലെ ചെമ്മീൻ കെട്ടുകളിലാണ് രോഗബാധ കൂടുതലായിട്ടുള്ളത്. വരാപ്പുഴ, കോട്ടുവള്ളി, ഏഴിക്കര, കടമക്കുടി പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതൽ ചെമ്മീൻ കെട്ടുകളുള്ളത്. ഇവിടങ്ങളിലെല്ലാം വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. വൈറസ് ബാധയിൽ കാര, നാരൻ ചെമ്മീനും ഞണ്ടുമെല്ലാം ചത്തൊടുങ്ങി. കാലിയായ സ്ഥിതിയിലാണ് കെട്ടുകളെന്ന് കർഷകർ പറയുന്നു. തുടർച്ചയായ വർഷങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക നഷ്ടം, കർഷകരെ കടക്കെണിയിലാഴ്ത്തിയിരിക്കയാണ്. ഈ അവസ്ഥ തരണം ചെയ്യാൻ കർഷകർ വീണ്ടും ചെമ്മീൻ കുഞ്ഞുങ്ങളെ കെട്ടുകളിൽ നിക്ഷേപിരിക്കുകയാണ്. നിക്ഷേപിച്ചിരിക്കുന്ന കുഞ്ഞുങ്ങളെ വളർച്ചയെത്തിപ്പിടിക്കാൻ മൂന്ന് മാസമെങ്കിലും സമയം വേണം. ലൈസൻസ് കാലാവധി തീരാൻ രണ്ടുമാസം കൂടിയേ ബാക്കിയുള്ളൂ.
ഇപ്പോഴുണ്ടായ പ്രതിസന്ധിയിൽനിന്ന് കര കയറണമെങ്കിൽ കെട്ടുകളുടെ ലൈസൻസ് കാലയളവ് ഒരുമാസം കൂടി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് മന്ത്രി സജി ചെറിയാന് കേരള അക്വ ഫിഷറീസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി കെ.എക്സ്. സെബാസ്റ്റ്യൻ നിവേദനം നൽകി. കഴിഞ്ഞ ചില വർഷങ്ങളിൽ ഇത്തരത്തിലുള്ള പ്രതിസന്ധി ഉണ്ടായപ്പോൾ ലൈസൻസ് കാലയളവ് നീട്ടി നൽകി സർക്കാർ കർഷകരെ സഹായിച്ചതായി കെ.എക്സ്. സെബാസ്റ്റ്യൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

