ദേശീയപാത പാലം നിർമാണത്തിലെ അശാസ്ത്രീയത പരിശോധിച്ച് ഡെപ്യൂട്ടി കലക്ടർ
text_fieldsപറവൂരിൽ പുതുതായി ദേശീയപാത അധികൃതർ പണിയുന്ന പാലത്തെക്കുറിച്ചുള്ള പരാതിയെ തുടർന്ന് ഡെപ്യൂട്ടി കലക്ടർ പരിശോധന നടത്തുന്നു
പറവൂർ: പുതിയ ദേശീയപാത 66ന്റെ ഭാഗമായി പറവൂർ പുഴക്ക് കുറുകെ നിർമിക്കുന്ന പാലം അശാസ്ത്രീയമെന്ന് കാണിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ലഭിച്ച പരാതികൾ ജില്ല കലക്ടർക്ക് കൈമാറിയതിന്റെ അടിസ്ഥാനത്തിൽ പരിശോധനക്കും വിവരശേഖരണത്തിനുമായി ഡെപ്യൂട്ടി കലക്ടർ സ്ഥലം സന്ദർശിച്ചു. നിലവിലെ പാലത്തിന് ജലനിരപ്പിൽ നിന്നും ഏഴ് മീറ്റർ ഉയരമുള്ളപ്പോൾ പുതിയതായി നിർമിക്കുന്ന പാലത്തിന് 2.75 മീറ്റർ മാത്രമാണ് ഉയരം.
ഇതു മൂലം മുസിരിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി ഏർപ്പെടുത്തിയ ബോട്ട് സർവിസ് നടത്താനാവില്ല. ഡെപ്യൂട്ടി കലക്ടർ പരിശോധനക്കെത്തിയപ്പോൾ ബോട്ട് സ്ഥലത്തെത്തിച്ച് ഉയരക്കുറവ് അദ്ദേഹത്തെ ബോധ്യപ്പെടുത്തി. മഴക്കാലത്ത് പുഴയിൽ വെള്ളമുയരുമ്പോൾ വഞ്ചികൾക്കുപോലും കടന്നുപോകാനാകില്ല. പുഴയുടെ നിലവിലുള്ള വീതി കുറച്ചാണ് പാലം നിർമിക്കുന്നതെന്നും പരിശോധനയിൽ കണ്ടെത്തി.
പറവൂരിൽ പുഴക്ക് കുറുകെ പുതുതായി നിർമിക്കുന്ന പാലത്തിൽ മുട്ടിനിൽക്കുന്ന മിനി ബോട്ട്
ജനങ്ങളുടെ ആശങ്ക അവർ പ്രതിപക്ഷ നേതാവുമായി പങ്കുവെക്കുകയും അദ്ദേഹം കാര്യങ്ങൾ ജില്ല കലക്ടറെ ബോധിപ്പിക്കുകയും ചെയ്തതിനെ തുടർന്നാണ് ഡെപ്യൂട്ടി കലക്ടർ സ്ഥലപരിശോധനക്ക് എത്തിയത്. പറവൂർ നഗരസഭയിലെയും ചിറ്റാറ്റുകര പഞ്ചായത്തിലെയും ജനപ്രതിനിധികളും മുസിരിസ് ടൂറിസം പ്രതിനിധികളും പങ്കെടുത്തു. വെള്ളിയാഴ്ച വൈകീട്ട് 3.30ന് കലക്ടറേറ്റിൽ ബന്ധപ്പെട്ടവരുടെ അടിയന്തര യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.

