കോവിഡ് വന്നുപോയത് അറിഞ്ഞില്ല; പനി ബാധിച്ച 11കാരൻ ചികിത്സ സഹായം തേടുന്നു
text_fieldsപറവൂർ: മാസങ്ങൾക്കുമുമ്പ് കോവിഡ് വന്നുപോയത് അറിയാതെ പനി ബാധിച്ച് 11കാരൻ ഗുരുതരാവസ്ഥയിൽ. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ഏക മകെൻറ ചികിത്സക്ക് മാതാപിതാക്കൾ സഹായം തേടുന്നു. കെടാമംഗലം തോട്ടുങ്കൽപറമ്പ് ദിലീപ്കുമാറിെൻറയും അനിഷയുടെയും മകൻ ആദികാണ് അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്. മൾട്ടി സിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രം (മിസ്ക്) എന്ന അസുഖമാണ് കുട്ടിക്ക്. ഈ മാസം ആറിന് പനിയുണ്ടായപ്പോൾ പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. രണ്ടുദിവസം കഴിഞ്ഞിട്ടും പനി കുറഞ്ഞില്ല. കുട്ടിയുടെ കണ്ണുകൾ ചുവന്നു. ശരീരത്തിൽ ചുവപ്പുപാടുകൾ കാണപ്പെട്ടു.
മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയപ്പോഴാണ് കുട്ടിക്കു നേരേത്ത കോവിഡ് വന്നിരുന്നെന്നും തുടർന്നാണ് ഹൃദയത്തെ ബാധിച്ചതെന്നും ഡോക്ടർമാർ അറിയിച്ചത്. എവിടെ നിന്നാണ് കോവിഡ് ബാധിച്ചതെന്ന് വ്യക്തമല്ല. വീട്ടിൽ മറ്റാർക്കും കോവിഡ് വന്നിട്ടില്ല.
പനിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പറവൂരിലും മെഡിക്കൽ ട്രസ്റ്റിലുമായി രണ്ടു തവണ കോവിഡ് പരിശോധന നടത്തിയപ്പോഴും ഫലം നെഗറ്റിവ് ആയിരുന്നു. പിന്നീട് വിദഗ്ധ ചികിത്സക്ക് അമൃതയിലേക്ക് മാറ്റി. രണ്ട് ദിവസം മുമ്പുവരെ കുട്ടി വെൻറിലേറ്ററിലായിരുന്നു. ഇപ്പോൾ ഐ.സിയുവിലാണ്. വിലകൂടിയ മരുന്നുകളും ചികിത്സയുമാണ് നൽകുന്നത്.
ചികിത്സക്ക് 20 ലക്ഷത്തോളം ചെലവാകും. ഡ്രൈവറാണ് ദിലീപ്കുമാർ. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കലക്ഷൻ ഏജൻറാണ് അനിഷ. സുമനസ്സുകളുടെ സഹായത്തോടെയാണ് ചികിത്സ തുടരുന്നത്. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ: ടി.എ. ദിലീപ്കുമാർ, അക്കൗണ്ട് നമ്പർ: 20113576523. ഐ.എഫ്.എസ് കോഡ്: SBIN0010697, നോർത്ത് പറവൂർ ബ്രാഞ്ച്. ഫോൺ: 9995439111.