പൊക്കാളിപ്പാടം നികത്തി അനധികൃത റിസോർട്ട് നിർമിച്ചതായി ആക്ഷേപം
text_fieldsകോട്ടുവള്ളി പഞ്ചായത്ത് വാർഡ് 19 ൽ പൊക്കാളിപ്പാടം നികത്തി നിർമിച്ച അനധികൃത റിസോർട്ട്
പറവൂർ: പൊക്കാളിപ്പാടം നികത്തി അനധികൃത റിസോർട്ട് നിർമിച്ചതായി ആക്ഷേപം. കോട്ടുവള്ളി പഞ്ചായത്ത് വാർഡ് 19 ൽ തൃക്കപുരം എസ്.എൻ.ഡി.പി മരണ സഹായ ഓഫിസിന് പടിഞ്ഞാറ് കാട്ടുതോട് ചെമ്മീൻ കെട്ടിന്റെ കിഴക്കു ഭാഗത്താണ് സംഭവം. പഞ്ചായത്തിന്റെ അനുമതിയില്ലാത്തതിനാൽ കെട്ടിട നമ്പർ റിസോർട്ടിന് ലഭിച്ചിട്ടില്ല. അനധികൃത നിർമാണങ്ങളും നിലം നികത്തലും ഇവിടെ നടക്കുന്നതായി കൃഷി ഓഫിസറുടെ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.
എൻ.ബി.ഡി പ്രോപ്പർട്ടി ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള പൊക്കാളി പാടശേഖരങ്ങളിലാണ് നിയമം ലംഘിച്ചുള്ള പ്രവർത്തനങ്ങൾ നടക്കുന്നത്. നാല് മാസം മുമ്പ് ഇവിടെ നിലം നികത്തൽ തുടങ്ങിയ ഘട്ടത്തിൽ കെ.എസ്.കെ.ടി.യു നേതൃത്വത്തിൽ സമരം നടത്തുകയും നിലം നികത്താനായി കൊണ്ടുവന്ന യന്ത്രങ്ങൾ ഉദ്യോഗസ്ഥരെത്തി പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇപ്പോൾ റിസോർട്ടിലേക്ക് വാഹനങ്ങൾ എത്താനായി ഇതിന് എതിർ ഭാഗത്തുള്ള ഇവരുടെ തന്നെ ഉടമസ്ഥയിലുള്ള പൊക്കാളിപ്പാടം വീണ്ടും നികത്താനാണ് നീക്കം.
നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം ലംഘിച്ച് ഇവർ നടത്തിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ പൂർവസ്ഥിതിയാലാക്കണമെന്ന് കൃഷി ഓഫിസർ ഫോർട്ട് കൊച്ചി ആർ.ഡി.ഒക്ക് നൽകിയ റിപ്പോർട്ടിലുണ്ട്. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഭൂ ഉടമകൾ അവസാനിപ്പിക്കണമെന്ന് വാർഡ് വികസന സമിതി കൺവീനർ കെ.കെ. സതീശൻ ആവശ്യപ്പെട്ടു.

