ത്രികോണ മത്സരച്ചൂടിൽ മൂത്തകുന്നം
text_fieldsപ്രതീകാത്മക ചിത്രം
പറവൂർ: ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്‍റ് ലീന വിശ്വൻ എൽ.ഡി.എഫ് സാരഥിയായും, യു.ഡി.എഫിന് വേണ്ടി അധ്യാപികയും സാംസ്കാരിക പ്രവർത്തകയുമായ എം.എ. നിത്യാമോൾ, ബി.ഡി.െജ.എസ് സ്ഥാനാർഥിയായി അംഗൻവാടി മുൻ അധ്യാപിക നീതു ഗീത കൃഷ്ണൻ എന്നിവർ തമ്മിൽ മത്സരിക്കുന്ന ജില്ല പഞ്ചായത്ത് മൂത്തകുന്നം ഡിവിഷനിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. വനിത സംവരണ മണ്ഡലമായ ഇവിടെ ഇത്തവണ ത്രികോണ മത്സരമാണ് അരങ്ങേറുന്നത്.
വടക്കേക്കര പഞ്ചായത്തിലെ 21 വാർഡുകളും ചിറ്റാറ്റുകര പഞ്ചായത്തിലെ 17-ാം വാർഡ് ഒഴികെ 19 വാർഡുകളും ചേന്ദമംഗലം പഞ്ചായത്തിലെ ഒന്ന് മുതൽ ഏഴു വരെയും 14 മുതൽ 19 വരെയുമുള്ള 14 വാർഡുകളും പുത്തൻവേലിക്കര പഞ്ചായത്തിലെ ഒന്ന് മുതൽ എട്ട് വരെ വാർഡുകളും ഉൾക്കൊള്ളുന്നതാണ് മൂത്തകുന്നം ഡിവിഷൻ.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജില്ല പഞ്ചായത്ത് പ്രതിപക്ഷ നേതാവ് സി.പി.എമ്മിലെ എ.എസ്. അനിൽകുമാർ 6,963 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസിലെ ടി.കെ. ബിനോയിയെ പരാജയപ്പെടുത്തിയത്. എൻ.ഡി.എ സ്ഥാനാർഥിയായിരുന്ന എം.പി. ബിനുവിന് 8,883 വോട്ട് ലഭിച്ചിരുന്നു. 2000ൽ മാത്രമാണ് യു.ഡി.എഫ് ഇവിടെ വിജയിച്ചത്. കോൺഗ്രസിലെ ഫ്രാൻസിസ് വലിയപറമ്പിൽ 960 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അന്ന് ജയിച്ചത്. പിന്നീടുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും ഇടത് സ്ഥാനാർഥികളാണ് വിജയിച്ചത്. 88,097 വോട്ടർമാരാണ് ആകെയുള്ളത്.
എം.എ. നിത്യാമോൾ (യു.ഡി.എഫ്)
മൂത്തകുന്നം ചെമ്പറ വീട്ടിൽ ബിജോയിയുടെ ഭാര്യയാണ് നിത്യ. എം.എസ്.ഡബ്ലിയു ബിരുദധാരിയായ നിത്യ കൊടുങ്ങല്ലൂർ ആനപ്പുഴ പാലിയം തുരുത്ത് വിദ്യാധായനി സഭ സ്കൂളിലെ അധ്യാപികയും മികച്ച സാംസ്കാരിക പ്രവർത്തകയുമാണ്. കെ.എസ്.യുവിലൂടെ പൊതുരംഗത്ത് സജീവമായി. ഭർത്താവ് ബിജോയ് മൂത്തകുന്നം എസ്.എൻ.എം ടി.ടി.ഐ അധ്യാപകനാണ്. മക്കൾ: വിദ്യാർഥികളായ കാർത്തി കൃഷ്ണ, കൃഷ്ണദേവ്.
ലീന വിശ്വൻ (എൽ.ഡി.എഫ്)
കൂട്ടുകാട് എടക്കാട് വീട്ടിൽ ലീന വിശ്വൻ നിലവിൽ ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റാണ്. 2010 മുതൽ പഞ്ചായത്ത് അംഗമായി പ്രവർത്തിക്കുന്നു. സി.പി.എം ചേന്ദമംഗലം ലോക്കല് കമ്മിറ്റിയംഗം, ജനാധിപത്യ മഹിള അസോസിയേഷന് പറവൂർ ഏരിയ സെക്രട്ടറി, എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ വില്ലേജ് സെക്രട്ടറി എന്നീ നിലകളിൽ സജീവമാണ്. ഭർത്താവ്: വിശ്വനാഥൻ. മക്കൾ: വിനു നാഥ്, വിഷ്ണു പ്രിയ.
നീതു ഗീത കൃഷ്ണൻ (എൻ.ഡി.എ)
ബി.ഡി.എം.എസ് ജില്ല സെക്രട്ടറിയായ നീതു ഗീത കൃഷ്ണനാണ് എൻ.ഡി.എ സ്ഥാനാർഥിയായി മത്സരിക്കുന്നത്. പറവൂർ എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് കൺവീനർ ആയിരുന്നു നീതു. ഭർത്താവ് പെയിന്റിങ് കരാറുകാരൻ ചിറ്റാറ്റുകര നീണ്ടൂർ വേലം പറമ്പിൽ വീട്ടിൽ ഗീതാ കൃഷ്ണൻ. വിദ്യാർഥികളായ വിശ്വ മിത്ര, കയാധു എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

