കോട്ടുവള്ളി പഞ്ചായത്തിൽ ആർക്കും ഭൂരിപക്ഷമില്ല; തന്ത്രങ്ങളുമായി ഇരു മുന്നണികളും
text_fieldsപറവൂർ: ഇടത്, വലത് മുന്നണികൾക്കും എൻ.ഡി.എക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത കോട്ടുവള്ളി പഞ്ചായത്തിൽ പ്രസിഡന്‍റ്, വൈസ് പ്രസിഡന്റ് പദവികൾ ആർക്ക് ലഭിക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം. 24 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ 11 അംഗങ്ങൾ യു.ഡി.എഫിനും 10 അംഗങ്ങൾ എൽ.ഡി.എഫിനുമാണ്. എൻ.ഡി.എക്ക് മൂന്ന് സീറ്റുണ്ട്. ഇരു മുന്നണികൾക്കും കേവല ഭൂരിപക്ഷമില്ലാത്തതാണ് പ്രതിസന്ധി. എൻ.ഡി.എയുടെ പിന്തുണയിൽ ഭരണം പിടിക്കില്ലെന്നാണ് ഇരുമുന്നണികളുടെയും നിലപാട്.
പ്രസിഡന്‍റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് രണ്ട് മുന്നണികളും സ്ഥാനാർഥികളെ നിർത്തുമെന്ന കാര്യത്തിലും ഏതാണ്ട് തീരുമാനമായിട്ടുണ്ട്. ഈ തീരുമാനവുമായി ബി.ജെ.പിയും മുന്നോട്ട് പോയാൽ യു.ഡി.എഫിന് ഭരണം കിട്ടാനാണ് സാധ്യത. എന്നാൽ സ്ഥാനാർഥികളെ നിർത്താതെ തന്ത്രപരമായി ഇടപെടാനാണ് ബി.ജെ.പി തീരുമാനം.
കോട്ടുവള്ളിയിൽ ഇക്കുറി പ്രസിഡന്‍റ് പദവി വനിതകൾക്കാണ്. ഇരു മുന്നണികളിലും പ്രസിഡന്‍റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് ഒന്നിലേറെ പേർ സജീവമായി പരിഗണനയിലുമുണ്ട്. ഇതിനിടെ സ്വതന്ത്ര അംഗത്തെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് കൊണ്ടുവരുന്നതിനുള്ള ചർച്ചകളും സജീവമാണ്.
2015ലെ തെരഞ്ഞെടുപ്പിന് സമാനമാണ് കോട്ടുവള്ളിയിൽ നിലവിലെ സ്ഥിതി. അന്ന് രണ്ട് മുന്നണികൾക്കും കേവല ഭൂരിപക്ഷമുണ്ടായിരുന്നില്ല. 22 അംഗ ഭരണ സമിതിയിൽ യു.ഡി.എഫ് 11, എൽ.ഡി.എഫ് 10, ബി.ജെ.പി ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. 2015ൽ പഞ്ചായത്ത് പ്രസിഡന്‍റ് പദവി പട്ടികജാതി വനിത സംവരണമായിരുന്നു. ഒരു സീറ്റ് കൂടുതൽ ഉണ്ടായിരുന്നിട്ടും പട്ടികജാതി വിഭാഗത്തിൽനിന്നു ആരും ഇല്ലാതിരുന്നതിനാൽ യു.ഡി.എഫിന് പ്രസിഡന്‍റ് പദവി ലഭിച്ചില്ല. എൽ.ഡി.എഫിലെ കെ.കെ. ശാന്തയാണ് അന്ന് പ്രസിഡന്റായത്.
വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് വന്നപ്പോൾ എൽ.ഡി.എഫ് സ്ഥാനാർഥിക്ക് ബി.ജെ.പി അംഗം വോട്ട് ചെയ്തതോടെ ഇരു സ്ഥാനാർഥികൾക്കും തുല്യ വോട്ടുകൾ ലഭിച്ചു. പിന്നീട് നറുക്കെടുപ്പിലൂടെ യു.ഡി.എഫിലെ പി.സി. ബാബു വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. തുടർന്ന് യു.ഡി.എഫിന്‍റെ ഒരംഗം മരിച്ചതോടെ ഇരുമുന്നണികൾക്കും തുല്യ അംഗങ്ങളായി. ഈ അവസരത്തിൽ വൈസ് പ്രസിഡന്‍റിനെതിരേ എൽ.ഡി.എഫ് അവിശ്വാസം കൊണ്ടുവന്നെങ്കിലും ബി.ജെ.പി അംഗം വോട്ടെടുപ്പിന് എത്താൻ വൈകിയതാണ് യു.ഡി.എഫിന് വൈസ് പ്രസിഡന്‍റ് സ്ഥാനത്ത് തുടരാനായത്.
ഇത്തവണയും എൻ.ഡി.എയുടെ തീരുമാനമാകും നിർണായമാവുക. എൻ.ഡി.എ വോട്ടെടുപ്പിൽനിന്നു വിട്ടുനിൽക്കുകയോ, അല്ലെങ്കിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ രംഗത്ത് വരുകയോ ചെയ്താൽ 11 അംഗങ്ങളുള്ള യു.ഡി.എഫിന് ഭരണം ലഭിക്കാനാണ് സാധ്യത. മറിച്ച് എൻ.ഡി.എയുടെ പിന്തുണ ലഭിച്ചാൽ 10 അംഗങ്ങളുള്ള എൽ.ഡി.എഫിനാകും വിജയം.
എന്നാൽ നാല് മാസം കഴിഞ്ഞ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ എൽ.ഡി.എഫ്-ബി.ജെ.പി കൂട്ടുകെട്ട് ഉയർത്തി കാട്ടി യു.ഡി.എഫ് ഇത് പ്രചാരണ വിഷയമാക്കുന്നതിനാൽ ഇടത് മുന്നണി ഇതിന് തയ്യാറാകുമോ എന്നത് കാത്തിരുന്ന് കാണേണ്ടതാണ്. പ്രത്യേകിച്ച് പ്രതിപക്ഷ നേതാവിന്‍റെ മണ്ഡലമായ ഇവിടെ സാധ്യത കുറവാണ്. അതിനാൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ യു.ഡി.എഫിന് ഭരണത്തിലെത്താൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

