കച്ചേരി മൈതാനം അഴിമതി വിജിലൻസ് അന്വേഷിക്കണം –സി.പി.ഐ
text_fieldsപറവൂർ: പറവൂർ കച്ചേരി മൈതാനത്തിലെ നവീകരണത്തിലെ അപാകതയും അഴിമതിയും വിജിലൻസ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ മണ്ഡലം കമ്മിറ്റി മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും തിങ്കളാഴ്ച 5000 കത്തുകൾ അയക്കും. ആറുവർഷം മുമ്പ് ടൂറിസം വകുപ്പിൽനിന്ന് രണ്ടരക്കോടി രൂപ ചെലവ് ചെയ്താണ് കച്ചേരി മൈതാനം സൗന്ദര്യവത്കരണം നടത്തിയത്. പ്രവൃത്തികളുടെ തുടക്കത്തിൽ തന്നെ നിർമാണത്തിലെ അഴിമതി ചൂണ്ടിക്കാട്ടി സി.പി.ഐയും പോഷക സംഘടനകളും സമരം നടത്തിയിരുന്നു.
പണി പൂർത്തിയാക്കി ആറുമാസം തികയുന്നതിന് മുമ്പേ മൈതാനത്ത് വിരിച്ച ടൈലുകൾ പൊട്ടിപ്പൊളിയുകയും മഴക്കാലമായതോടെ വഴിയാത്രക്കാർ തെന്നിവീഴുന്നതും ഇരുചക്ര വാഹനക്കാർ അപകടത്തിൽപെടുന്നതും പതിവായി. എം.എൽ.എയുടെ വഴിവിട്ട ഇടപെടലും അഴിമതിയുമാണ് നിർമാണ പ്രവർത്തനങ്ങളുടെ തകർച്ചക്ക് കാരണമായതെന്നും സി.പി.ഐ ആരോപിച്ചു. 24ന് പാർട്ടി മണ്ഡലം കമ്മിറ്റിയുടെ കീഴിലുള്ള മുഴുവൻ ലോക്കൽ, ബ്രാഞ്ച് കമ്മിറ്റികളിൽനിന്ന് 5000 കത്തുകൾ അയക്കുമെന്ന് സെക്രട്ടറി കെ.പി. വിശ്വനാഥൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

