ലങ്കാ പാലം പുനർനിർമാണത്തിന് സർക്കാർ അനുമതി
text_fieldsജീർണാവസ്ഥയിലായ ഏഴിക്കര പഞ്ചായത്തിലെ ലങ്കാ പാലം
പറവൂർ: ഏഴിക്കര പഞ്ചായത്തിലെ ചെറുദ്വീപായ ലങ്കാനിവാസികൾക്ക് ആശ്വാസമായി പാലം നിർമാണത്തിന് സർക്കാർ ഭരണാനുമതിയായി.
ഏറെ നാളത്തെ കാത്തിരിപ്പിനും ആവശ്യത്തിനുമൊടുവിലാണ് പഞ്ചായത്തിലെ 12ാം വാർഡ് ഉൾപ്പെടുന്ന ലങ്കാ പാലം നിർമിക്കാൻ അനുമതി ലഭിച്ചത്. 2020-21 വർഷത്തെ എം.എൽ.എയുടെ ആസ്തിവികസന സ്കീമിൽ ഉൾപ്പെടുത്തിയാണ് പാലം പുനർനിർമിക്കുന്നതിന് 93 ലക്ഷം രൂപക്കുള്ള ഭരണാനുമതി ലഭിച്ചതെന്ന് വി.ഡി. സതീശൻ എം.എൽ.എ അറിയിച്ചു.
പാലം നിർമാണം പൂർത്തിയാകുന്നതോടെ തുരുത്തിലുള്ളവർക്ക് വാഹനങ്ങൾ അവരവരുടെ വീടുകളിൽ എത്തിക്കാനാകും. മേജർ ഇറിഗേഷൻ വകുപ്പിനാണ് പാലത്തിെൻറ നിർമാണച്ചുമതല. സാങ്കേതിക അനുമതി ലഭിച്ച ശേഷം ടെൻഡർ നടപടി പൂർത്തിയാക്കി നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് നിർമാണം ആരംഭിക്കുമെന്നും എം.എൽ.എ അറിയിച്ചു.

