സാധനങ്ങൾ വാങ്ങി കച്ചവടക്കാരെ കബളിപ്പിക്കുന്ന സംഘം പറവൂരിൽ വിലസുന്നു
text_fieldsപറവൂർ തെക്കേ നാലുവഴിലെ ടൂവീലർ സ്പെയർ പാർട്സ്
കടയിലെ സി.സി ടി.വിയിൽ പതിഞ്ഞ തട്ടിപ്പുകാരന്റെ ദൃശ്യം
പറവൂർ: വ്യാപാര സ്ഥാപനങ്ങളിലെത്തി സാധനങ്ങൾ വാങ്ങി പണം കൊടുക്കാതെ മുങ്ങുന്ന യുവാക്കളുടെ സംഘം നഗരത്തിൽ വിലസുന്നതായി പരാതി. ഒക്ടോബറിൽ തെക്കേ നാലുവഴിലെ ടൂവീലർ സ്പെയർ പാർട്സ് കടയിൽ എത്തിയ ഇവർ 1,680 രൂപ വിലയുള്ള സാധനങ്ങൾ വാങ്ങി പണം നൽകാതെ മുങ്ങിയിരുന്നു. ഈ കട സ്ഥിതിചെയ്യുന്ന കെട്ടിടത്തിൽ തന്നെയുള്ള വാഹനങ്ങളുടെ ബാറ്ററികൾ വിൽക്കുന്ന മറ്റൊരു കടയിൽ കഴിഞ്ഞ വെള്ളിയാഴ്ചയും സമാന രീതിയിൽ തട്ടിപ്പ് നടന്നു. രണ്ട് കടകളിലെയും സി.സി ടി.വി ദൃശ്യങ്ങൾ തമ്മിൽ ഒത്തുനോക്കിയപ്പോഴാണ് രണ്ടിടത്തും തട്ടിപ്പു നടത്തിയത് ഒരേ സംഘമാണെന്ന സൂചന ലഭിച്ചത്.
ഒക്ടോബറിൽ നടന്ന തട്ടിപ്പിൽ സാധനങ്ങൾ വാങ്ങിയ ശേഷം ഇവർ ഗൂഗിൾ പേ ചെയ്യാമെന്ന് പറഞ്ഞ് ക്യൂആർ കോഡ് സ്കാൻ ചെയ്തെങ്കിലും പണമയക്കാൻ പറ്റുന്നില്ലെന്ന് പറഞ്ഞു. കടയുടമ തന്റെ നമ്പർ പറഞ്ഞു കൊടുത്തു. തുടർന്ന് അതിലേക്ക് പണമയച്ചിട്ടുണ്ടെന്ന് പറഞ്ഞ ഇവർ സാധനങ്ങളെടുത്ത് പോകാനൊരുങ്ങി. അക്കൗണ്ടിൽ പണം ക്രെഡിറ്റ് ആകാത്തതിനാൽ കടയുടമ പിന്നാലെ ചെന്ന് പണം വന്നിട്ടില്ലെന്ന് പറഞ്ഞു. അവർ പണം അയച്ച നമ്പർ എന്ന് പറഞ്ഞ് ഒരു ഫോൺ നമ്പർ നൽകി. പണം അക്കൗണ്ടിൽ വന്നില്ലെങ്കിൽ വിളിച്ചാൽ അയച്ചുതരാമെന്ന ഉറപ്പും നൽകി.എന്നാൽ, പണം കിട്ടാതായതോടെ അന്നു രാത്രി ഈ നമ്പറിൽ പലതവണ വിളിച്ചെങ്കിലും എടുത്തില്ല. പകരം പേയ്മെന്റ് അയച്ചിട്ടുണ്ടെന്നു പറഞ്ഞ് മറ്റൊരു നമ്പറിൽ നിന്നും മെസേജ് വന്നു. വീണ്ടും പണം ക്രെഡിറ്റ് ആകാത്തതിനാൽ മെസേജ് വന്ന നമ്പറിലേക്ക് കടയുടമ വിളിച്ചെങ്കിലും ഫോൺ എടുത്തയാൾ ഭീഷണിപ്പെടുത്തുകയായിരുന്നു.
തുടർന്നു രണ്ട് നമ്പറുകളും സി.സി ടി.വി ദൃശ്യവും സഹിതം കടയുടമ പരാതി നൽകിയെങ്കിലും പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞില്ല. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ബാറ്ററി വിൽപന നടത്തുന്ന കടയിൽ നിന്ന് 1,900 രൂപ വിലയുള്ള ബാറ്ററി വാങ്ങി ഇതേ രീതിയിൽ കടന്നുകളഞ്ഞത്. ഈ കടയുടമയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. നഗരത്തിലെ മറ്റ് കടകളിൽ ഇത്തരം തട്ടിപ്പുകൾ ഉണ്ടായിട്ടുണ്ടോയെന്ന സംശയം ഉയർന്നിട്ടുണ്ട്. കേസിൽ അന്വേഷണം ആവശ്യപ്പെട്ട് വ്യാപാരികൾ പൊലീസിൽ വീണ്ടും പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

