കാറിൽ രാസലഹരി കടത്തിയ കേസ്: നാല് യുവാക്കൾക്ക് 10 വർഷം കഠിനതടവ്
text_fieldsപറവൂർ: കാറിൽ രാസലഹരി കടത്തിയ കേസിൽ നാല് യുവാക്കളെ 10 വർഷം കഠിനതടവിന് വിധിച്ചു. ഉളിയന്നൂർ കാട്ടുകണ്ടത്തിൽ ആസിഫ് (24), വെങ്ങോല പൈനടി വീട്ടിൽ ജസിൽ (26), വെങ്ങോല വേലൻകുടി വീട്ടിൽ സഫർ (26), ആലുവ തുരുത്ത് മഹിളാലയം പാലത്തിന് സമീപം മുണ്ടയ്ക്കൽ വീട്ടിൽ ഹാഷിം (24) എന്നിവരെയാണ് 10 വർഷം കഠിനതടവിനും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചത്.
പിഴ ഒടുക്കിയില്ലെങ്കിൽ ആറുമാസം അധിക കഠിന തടവ് അനുഭവിക്കണം. പറവൂർ അഡീഷനൽ സെഷൻസ് കോടതി -1 ജഡ്ജി സി. മുജീബ് റഹ്മാനാണ് ശിക്ഷിച്ചത്. 2021 നവംബർ 20ന് കരിയാട് കവലയിൽ ഇവർ സഞ്ചരിച്ച കാറിൽനിന്ന് 158 ഗ്രാം എം.ഡി.എം.എ, 4.6 ഗ്രാം എം.ഡി.എം.എ, ഫിൽസ് ഗുളികകൾ എന്നിവ പിടിച്ചെടുത്തെന്നാണ് കേസ്.
നെടുമ്പാശ്ശേരി പൊലീസ് ഇൻസ്പെക്ടർ പി.എം. ബൈജുവാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി. ശ്രീറാം ഭരതൻ ഹാജരായി.

