ചിറ്റാറ്റുകര ആളംതുരുത്തിൽ കിടക്ക നിർമാണശാലക്ക് തീപിടിച്ചു
text_fieldsചിറ്റാറ്റുകര പട്ടണം ആളംതുരുത്തിൽ കിടക്ക നിർമാണശാലക്ക് തീപിടിച്ചപ്പോൾ
പറവൂർ: ചിറ്റാറ്റുകര പഞ്ചായത്തിലെ പട്ടണം ആളംതുരുത്തിൽ കിടക്ക നിർമാണശാലക്ക് തീപിടിച്ചു. എറിയാട് സ്വദേശി നിസാറിന്റെ ഉടമസ്ഥതയിലുള്ള പെർഫെക്ട് മാറ്റ്റസ് എന്ന സ്ഥാപനത്തിൽ വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് അഗ്നിബാധയുണ്ടായത്.
പത്തുവർഷമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ അഞ്ച് സ്ഥിരം ജീവനക്കാരും പ്രദേശവാസികളായ നിരവധി സ്ത്രീ തൊഴിലാളികളും പണിയെടുക്കുന്നുണ്ട്. എന്നാൽ, സ്ഥാപനത്തിലെ ജീവനക്കാരന്റെ വിവാഹമായതിനാൽ അന്തർസംസ്ഥാന തൊഴിലാളിയായ ഒരു ജീവനക്കാരൻ മാത്രമാണ് തീപിടിത്തസമയത്ത് കമ്പനിയിൽ ഉണ്ടായിരുന്നത്.
ഇതിനാൽ വലിയ ദുരന്തം ഒഴിവായി. സംഭവത്തിൽ ആർക്കും പരിക്കില്ല. പറവൂർ, കൊടുങ്ങല്ലൂർ യൂനിറ്റുകളിൽനിന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരെത്തിയാണ് തീയണച്ചത്.
യന്ത്രസാമഗ്രികൾ ഉൾപ്പെടെ കെട്ടിടം പൂർണമായും കത്തിനശിച്ചു. അലുമിനിയം ഷീറ്റ് മേഞ്ഞ കെട്ടിടത്തിലാണ് കമ്പനി പ്രവർത്തിച്ചിരുന്നത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് അധികൃതരുടെ പ്രാഥമികനിഗമനം. ഒരുകോടി രൂപയിലേറെ നാശനഷ്ടമുണ്ടായെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

