മൂവാറ്റുപുഴ: വിസ വാഗ്ദാനം നൽകി നിരവധി യുവാക്കളിൽനിന്ന് ഒന്നേകാൽ കോടിയോളം രൂപ തട്ടിയശേഷം ദുബൈയിലേക്ക് മുങ്ങാൻ ശ്രമിച്ച വിസ തട്ടിപ്പുകാരനെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കളത്തൂർ സ്വദേശിയായ ട്രാവൽ ഏജൻറിൽനിന്ന് കോടികൾ തട്ടിയ ഓച്ചിറ സ്വദേശി വിസ തട്ടിപ്പുവീരനെയാണ് ഡൽഹി വിമാനത്താവളത്തിൽ പിടികൂടിയത്.
മാവേലിക്കര വള്ളികുന്നം കന്നിമേല്‍ ചന്ദ്രഭവനം വീട്ടിൽ ശരത് ചന്ദ്രനാണ് (23) പിടിയിലായത്. 2017-2019 കാലയളവിൽ ബാങ്കോക്ക്, മലേഷ്യ എന്നിവിടങ്ങളിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഉദ്യോഗാര്‍ഥികളെ അവിടെ കൊണ്ട്പോയി ജോലി നൽകാതെ മുങ്ങിയിരുന്നു. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ ട്രാവൽ ഏജൻസി നടത്തിവന്നിരുന്ന തൃക്കളത്തൂർ സ്വദേശിയെ വിസയുെണ്ടന്ന് വിശ്വസിപ്പിച്ച് ഇടനിലക്കാരനാക്കിയായിരുന്നു തട്ടിപ്പ്.
തൃക്കളത്തൂർ സ്വദേശിയുടെ പരാതിയെ തുടർന്ന് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ച് അന്വേഷണം വ്യാപിപ്പിച്ചു. മൂവാറ്റുപുഴ ഡിവൈ.എസ്.പി മുഹമ്മദ് റിയാസിെൻറ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കുന്നതിനിടെ ബംഗളൂരുവിൽ ഒളിവിൽ കഴിഞ്ഞിരുന്നത് അറിഞ്ഞത്. പൊലീസ് എത്തുമ്പോഴേക്കും പ്രതി ദുബൈയിലേക്ക് കടക്കാൻ ശ്രമിച്ചു. പൊലീസ് പിന്നാലെ എത്തി ഡൽഹി വിമാനത്താവളത്തിൽനിന്ന് പിടികൂടുകയായിരുന്നു.
പൊലീസ് ഇൻസ്പെക്ടർ എം.എ.മുഹമ്മദ്, എസ്. ഐ. സി.കെ.ബഷീർ, എ.എസ്.ഐ. എം.എ.ഷക്കീർ, സിവിൽ പൊലീസ് ഓഫിസർ ബിബിൽ മോഹൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.