ഭിന്നശേഷിക്കാർക്ക് ഓൺലൈൻ ക്ലാസുമായി അധ്യാപിക
text_fieldsഭിന്നശേഷിക്കാരായ വിദ്യാര്‍ഥികൾക്ക് ഷൈനി ടീച്ചർ ക്ലാസെടുക്കുന്നു
മൂവാറ്റുപുഴ: കോവിഡ് കാലത്ത് വിദ്യാർഥികൾ ഓൺലൈൻ പഠനത്തിലൂടെ മുന്നേറുമ്പോൾ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ പഠനം ഇപ്പോഴും ഓഫ് ലൈനിലാണ്.
സാധാരണ വിദ്യാർഥികൾക്ക് വിക്ടേഴ്സ് ചാനലിലൂടെയും മറ്റും പഠനം മുന്നോട്ട് കൊണ്ടുപോകുമ്പോൾ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കായി പ്രത്യേക ഓണ്‍ലൈന്‍ ക്ലാസുകളൊന്നും സർക്കാർ മുന്നോട്ടുെവച്ചിട്ടില്ല.
വിക്ടേഴ്സ് ചാനലിൽ നടക്കുന്ന അധ്യയനത്തിലൂടെ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് യാതൊരു പ്രയോജനവും ലഭിക്കുന്നില്ല. സ്പെഷല്‍ സ്കൂളുകളില്‍ ശ്രവണ പരിമിതിയുള്ള വിദ്യാര്‍ഥികള്‍ ആംഗ്യഭാഷ സഹായത്തോടെയാണ് ആശയവിനിമയം നടത്തുന്നത്. ഇതോടെയാണ് മൂവാറ്റുപുഴ അസീസി ബധിര വിദ്യാലയത്തിലെ അധ്യാപികയായ ഷൈനി ഷാജി, ഇവർക്കും ഓൺലൈൻ പഠനത്തിന് വേദിയൊരുക്കിയത്.
കുട്ടികൾ പഠനത്തില്‍ ഒറ്റപ്പെടുന്നതോര്ത്ത് രക്ഷിതാക്കളും ഏറെ ആശങ്കയിലായിരിക്കുമ്പോഴാണ് ടീച്ചറുടെ നേതൃത്വത്തിൽ പഠനം മുന്നോട്ടു കൊണ്ടുപോകാൻ തീരുമാനിച്ചത്. ഇതിനു സ്കൂളിലെ-പ്രധാനാധ്യാപിക സിസ്റ്റർ ജീവ ഫ്രാൻസിസും പിന്തുണയുമായി എത്തിയതോടെ ഓൺലൈൻ ക്ലാസിന് തുടക്കമാകുകയായിരുന്നു.
വാട്സ് ആപ്പിലൂടെയും ഗൂഗിൾ മീറ്റിലൂടെയും വിദ്യാർഥികളുമായി സംവദിക്കുകയാണ്. ഹിയറിങ് എയ്ഡിെൻറ സഹായത്തോടെ ഹെഡ് ഫോൺ കണക്ട് ചെയ്ത് സ്പീച്ച് തെറപ്പിയും വിദ്യാർഥികൾക്ക് നൽകുന്നുണ്ട്.
ഇതിനു രക്ഷിതാക്കൾക്കും പരിശീലനം നൽകുന്നുണ്ട്. വാട്സ് ആപ്പിലൂടെയും ഗൂഗിൾ മീറ്റിലൂടെയുമൊക്കെ അധ്യാപകർ ക്ലാസെടുക്കുമ്പോൾ വിദ്യാർഥികളും സന്തോഷത്തിലാണ്.