നിയന്ത്രണംവിട്ട പാൽ ലോറി മറിഞ്ഞു; 20,000 ലിറ്റർ പാൽ, തൈര് പാക്കറ്റുകൾ റോഡിൽ
text_fields
മൂവാറ്റുപുഴ 130 കവലക്ക് സമീപമുണ്ടായ അപകടത്തെ തുടർന്ന് പാൽ പാക്കറ്റുകൾ റോഡിൽ ചിതറിയപ്പോൾ
മൂവാറ്റുപുഴ: തമിഴ്നാട്ടിൽനിന്ന് പാൽ കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ് ഡ്രൈവറടക്കം മൂന്നുപേർക്ക് പരിക്ക്. സമീപത്തെ വൈദ്യുതി പോസ്റ്റും സ്വകാര്യ ഹോട്ടലിെൻറ മതിലും തകർത്ത ശേഷമാണ് ലോറി മറിഞ്ഞത്. മൂവാറ്റുപുഴ-കൂത്താട്ടുകുളം എം.സി റോഡിൽ 130 കവലക്ക് സമീപത്തെ വളവിൽ ബുധനാഴ്ച രാത്രി 12ഒാടെയായിരുന്നു അപകടം.
തമിഴ്നാട്ടിൽനിന്ന് പാൽ പാക്കറ്റുകൾ ശീതീകരണ സംവിധാനമുള്ള ലോറിയിൽ പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം മേഖലകളിൽ വിതരണത്തിനായി കൊണ്ടുപോകുകയായിരുന്നു. എം.സി റോഡിൽ കബനി പാലസ് ഹോട്ടലിനു മുന്നിലെ വളവിൽ നിയന്ത്രണംവിട്ട ലോറി വൈദ്യുതി പോസ്റ്റിൽ ഇടിച്ചു. പോസ്റ്റ് ഒടിഞ്ഞ് വൈദ്യുതി ലൈനുകൾ പൊട്ടിവീണു. ലോറി മറിയുകയും ചെയ്തു. ശീതീകരണ കാബിൻ പൊട്ടി റോഡിൽ വീണതോടെ 20,000 ലിറ്റർ പാൽ, തൈര് പാക്കറ്റുകൾ തെറിച്ചുവീണു.
പരിക്കേറ്റവരെ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയും പൊലീസും ചേർന്ന് ജനറൽ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ആറന്മുള സ്വദേശിയായ അജിയുടെ ഉടമസ്ഥയിലുള്ളതാണ് വാനും പാലും. റോഡിൽ വീണ പാൽ പാക്കറ്റുകൾ പലതും പൊട്ടിയിരുന്നു. നേരം പുലർന്നതോടെ വഴിപോക്കരും പ്രദേശവാസികളും പൊട്ടാതെ കിടന്ന പാലും തൈര് പാക്കറ്റുകളും എടുത്തുകൊണ്ടുപോയി. അപകടത്തെ തുടർന്ന് എം.സി റോഡിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.