മൂവാറ്റുപുഴ: സബൈൻ ആശുപത്രി ഉടമ ഡോ. സബൈനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലെ പ്രതിയെ ആശുപത്രിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇടുക്കി ശാന്തൻപാറ വെള്ളക്കാംകുടി ബിനു മാത്യുവിനെയാണ് (കരാേട്ട ബിനു -42) തെളിവെടുപ്പിന് പേഴക്കാപ്പിള്ളി സബൈൻ ആശുപത്രിയിൽ കൊണ്ടുവന്നത്. വ്യാഴാഴ്ച ഉച്ചക്ക് 12നാണ് പ്രതിയുമായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തിയത്. തെളിവെടുപ്പ് ഒരുമണിക്കൂർ നീണ്ടു. 2019ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
മാധ്യമപ്രവർത്തകനാണെന്ന് പരിചയപ്പെടുത്തി പ്രതി ആശുപത്രിയെക്കുറിച്ച് ഡോക്യുമെൻററി നിർമിക്കാനെന്ന രീതിയിൽ ഡോക്ടറെ സമീപിക്കുകയായിരുന്നു. ചിത്രീകരണത്തിനുശേഷം ദൃശ്യങ്ങൾ മോശമായ രീതിയിൽ ചാനലുകളിലും പത്രങ്ങളിലും ഓൺലൈൻ പോർട്ടലുകളിലും പ്രസിദ്ധപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി അഞ്ചുലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.
ഒളിവിൽപോയ ബിനുമാത്യുവിനെ കർണാടകയിലെ കൂർഗിൽനിന്ന് സാഹസികമായാണ് പിടികൂടിയത്. ഡിവൈ.എസ്.പി വി. രാജീവ്, സബ് ഇൻസ്പെക്ടർ കെ.വി. ഹരിക്കുട്ടൻ, എ.എസ്.ഐമാരായ കെ.എൽ. ഷാൻറി, എ.എ. രവിക്കുട്ടൻ, സി.പി.ഒ നിയാസ് മീരാൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ തെളിവെടുപ്പിന് ആശുപത്രിയിൽ കൊണ്ടുവന്നത്.