ബൈക്ക് ഇടിച്ച് വയോധികൻ മരിച്ചു; സി.സി.ടി.വി ദൃശ്യത്തിൽ നിന്ന് നിർത്താതെ പോയ ബൈക്ക് ഉടമയെ 'പൊക്കി' പൊലീസ്
text_fieldsമൂവാറ്റുപുഴ: ബൈക്ക് യാത്രികനായ വയോധികനെ ഇടിച്ചിട്ടശേഷം നിർത്താതെപോയ ബൈക്കും ഓടിച്ച യുവാവിനെയും പൊലീസ് പിടികൂടി. അപകടത്തിൽ വയോധികൻ മരിച്ചിരുന്നു. സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് ഇടുക്കി സ്വദേശിയായ യുവാവിനെ കണ്ടെത്തിയത്. ഇടുക്കി വെള്ളത്തൂവൽ അമ്പിളികുന്ന് നെല്ലിക്കപറമ്പിൽ വീട്ടിൽ അനിൽ കുട്ടനാണ് (21) അറസ്റ്റിലായത്.
കഴിഞ്ഞ 18ന് നഗരത്തിലുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ വടക്കൻ മാറാടി പൂമറ്റത്തിൽ പി.കെ. വർക്കി (71) മരണപ്പെട്ട സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് പ്രസിദ്ധപ്പെടുത്തിയിരുന്നു. മാറാടിയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഇയാൾ അപകടത്തിനുശേഷം വീട്ടിലേക്കു പോയിരുന്നു.
സബ് ഇൻസ്പെക്ടർ ഇ.വി. രാജൻ, എ.എസ്.ഐ ഇബ്രാഹിംകുഞ്ഞ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ സി.ആർ. സുരേഷ്, ബിബിൽ മോഹൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.