മൂവാറ്റുപുഴ: നഗരസഭയുടെ കീഴിലെ ആശ്രമം ബസ് സ്റ്റാൻഡ് കുളമായി. നിരവധി ബസുകൾ എത്തുന്ന സ്റ്റാൻഡ് കുണ്ടും കുഴിയുമായി മാറിയിട്ട് നാളുകളായി. അഞ്ചുവർഷം മുമ്പ് കോടികൾ മുടക്കി നവീകരിച്ച സ്റ്റാൻഡിലെ ടാറും മെറ്റലും ഇളകി കുഴികളായി മാറിയിട്ടും അറ്റകുറ്റപ്പണി നടത്താൻ അധികൃതർ തയാറാകുന്നില്ല. സ്റ്റാൻഡിലെത്തുന്ന യാത്രക്കാരുടെ ദേഹത്ത് ചളി തെറിക്കുന്നത് പതിവായി.
നഗരസഭയുടെ കീഴിൽ ആശ്രമം, മാർക്കറ്റ് എന്നീ രണ്ട് ബസ് സ്റ്റാൻഡാണുള്ളത്. എറണാകുളം, ആലുവ, കാക്കനാട്, കോതമംഗലം, കാളിയാർ, അടിവാട് തുടങ്ങിയ മേഖലകളിൽനിന്നുള്ള ബസുകളാണ് ഇവിടെ എത്തുന്നത്. പുറമെ തൊടുപുഴ ഭാഗത്തേക്കുള്ള ബസുകളും സ്റ്റാൻഡിൽ കയറി പോകുന്നുണ്ട്.
സ്റ്റാൻഡ് സന്ധ്യയാകുന്നതോടെ സാമൂഹികവിരുദ്ധരുടെ താവളമായി മാറുകയാണ്. ഇവിടെ പൊലീസ് എയിഡ് പോസ്റ്റ് ഉെണ്ടങ്കിലും സാമൂഹികവിരുദ്ധർ ഇത് തകർത്തിരുന്നു. ബസ് സ്റ്റാൻഡ് അറ്റകുറ്റപ്പണി നടത്തണമെന്നും സാമൂഹികവിരുദ്ധ സംഘങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്.