മൂവാറ്റുപുഴ: കോവിഡ്കാല അരിഷ്ടതകൾക്കിടയിൽ എത്തിയ തദ്ദേശ തെരഞ്ഞെടുപ്പ് ആഘോഷമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് മൂവാറ്റുപുഴയിലെ ഒരുകൂട്ടം ഗായകർ. തദ്ദേശ തെരഞ്ഞെടുപ്പിന് ആരവമുയർന്നതോടെ കോവിഡ് മഹാമാരിയെത്തുടർന്ന് പരിപാടികളൊന്നുമില്ലാതെ വീട്ടിൽ കുത്തിയിരുന്ന ഇവർ തെരഞ്ഞെടുപ്പ് ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നതിെൻറ തിരക്കിലാണ്.
പാട്ടുകൾ റെഡിയാണ്. സ്ഥാനാർഥിയുടെ പേര്, ചിഹ്നം, വാർഡ് എന്നിവ ചേർത്താൽ മാത്രം മതി. പിന്നെ ഏത് ഈണത്തിൽ വേണമെന്ന ആവശ്യവും. പാട്ടുകാരും സ്റ്റുഡിയോയും റെഡിയായിക്കഴിഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണം ഗായകരുടെ അതിജീവനത്തിനുള്ള പ്രതീക്ഷ കൂടിയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനവും സ്ഥാനാർഥിനിർണയവും പൂർത്തിയായില്ലങ്കിലും നിരവധി പേർ പാട്ടിനുവേണ്ടി എത്തിക്കഴിെഞ്ഞന്ന് ഈ രംഗത്തെ പ്രശസ്തരായ ഉസ്മാൻ മൂവാറ്റുപുഴ, എം.എസ്. സഹീർ, മാഹിൻ എന്നിവർ പറഞ്ഞു.
ഇവരിൽ ഭരണ-പ്രതിപക്ഷ കക്ഷികളുടെ സ്ഥാനാർഥികളും സ്വതന്ത്രരുമുണ്ട്. ഭരണ നേട്ടങ്ങൾ ചൂണ്ടിക്കാട്ടി ഭരണപക്ഷത്തിനായി പാട്ട് തയാറാക്കുമ്പോൾ അഴിമതിയും മറ്റും ഉയർത്തിയാണ് പ്രതിപക്ഷത്തിനായി പാട്ടുകൾ രചിക്കുന്നത്. സമകാലിക വിഷയങ്ങളും പാട്ടുകളിൽ പ്രതിപാദിക്കും.
ഓരോരുത്തർക്കും അഞ്ചും ആറും ഗാനങ്ങൾ വേണം. പ്രശസ്ത മാപ്പിളപ്പാട്ടുകളുടെ ഈണങ്ങളിലുള്ള തെരഞ്ഞെടുപ്പ് പാട്ടുകൾക്കാണ് ഡിമാൻറ് ഏറെ. പഴയകാല ഹിറ്റ് സിനിമ ഗാനങ്ങളുടെയും കോൽകളി പാട്ടുകളുടെയും ക്രിസ്തീയ ഭക്തിഗാനങ്ങളുടെയും ഈണങ്ങൾ ആവശ്യപ്പെടുന്നവരും ഉണ്ട്. ഓരോരുത്തരുടെയും ആവശ്യങ്ങൾ കണ്ടറിഞ്ഞ് പാട്ടുകൾ ചിട്ടപ്പെടുത്തുന്ന തിരക്കിലാണിവർ.