വൈറ്റിലയിൽ യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍
text_fieldsഅനില്‍കുമാര്‍
മരട്: യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍. പനങ്ങാട് കോലോത്ത്ചിറ വീട്ടില്‍ അനില്‍കുമാറി (38) നെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്. ചോറ്റാനിക്കര നാഗപ്പാടി കോളനി മലയപ്പറമ്പില്‍ വീട്ടില്‍ സുനില്‍ (44) എന്നയാളെയാണ് പ്രതി കത്തി ഉപയോഗിച്ച് ഗുരുതരമായി കുത്തി പരിക്കേല്‍പ്പിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് കേസിനാസ്പദമായ സംഭവം. എറണാകുളത്ത് നിന്നു തൃപ്പൂണിത്തുറയിലേക്ക് സ്വകാര്യ ബസില്‍യാത്ര ചെയ്യവെ അനില്‍കുമാര്‍ ബസിലുണ്ടായിരുന്ന യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചത് എതിര്‍ത്തതിലുള്ള വൈരാഗ്യം മൂലമാണ് സുനിലിനെ പ്രതി ആക്രമിച്ചത്. ബസ്സില്‍ വെച്ച് ഇരുവരും തര്‍ക്കമുണ്ടായതിനെതുടര്‍ന്ന് കണ്ടക്ടര്‍ ഇരുവരെയും ബസില്‍ നിന്നും ഇറക്കിവിട്ടിരുന്നു.
തുടര്‍ന്ന് വൈറ്റില മെട്രോ സ്റ്റേഷന്‍ പരിസരത്തു വെച്ചാണ് പ്രതി സുനിലിനെ കത്തികൊണ്ട് കഴുത്തിലും നെഞ്ചത്തും കുത്തി പരിക്കേല്‍പ്പിച്ചത്. ആക്രമണത്തിനു ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ഓട്ടോറിക്ഷ തൊഴിലാളികൾ തടഞ്ഞു നിര്‍ത്തി പൊലീസിനു കൈമാറുകയായിരുന്നു. നിരവധി കേസുകളില്‍ പ്രതിയാണ് പിടിയിലായ അനില്‍കുമാര്‍. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

