റോഡ് രണ്ടടി ഉയർന്നു; വാഹനം തള്ളിക്കയറ്റണം
text_fieldsഇടറോഡിൽനിന്ന് പ്രധാന റോഡിലേക്ക് ഇരുചക്ര വാഹനം തള്ളിക്കയറ്റുന്ന സ്കൂട്ടർ യാത്രക്കാരൻ
മരട്: അശാസ്ത്രീയമായ റോഡ് നിർമാണം അപകടങ്ങൾക്ക് ഇടയാക്കുന്നതായി പരാതി. കുണ്ടന്നൂർ മുതൽ മരട് ഗാന്ധി സ്ക്വയർവരെയുള്ള പ്രദേശത്ത് കൊച്ചി-ധനുഷ്കോടി പാത കടന്നുപോകുന്ന സ്ഥലം മാസങ്ങളായി തകർന്നുകിടക്കുകയായിരുന്നു.
ഇപ്പോൾ ചിലഭാഗങ്ങളിൽ കോൺക്രീറ്റ് കട്ട വിരിച്ചും മറ്റ് ഭാഗങ്ങളിൽ ടാർ ചെയ്തും റോഡ് പണി പൂർത്തിയാക്കി. എന്നാൽ, പണിത ഭാഗവും കട്ടവിരിച്ച ഭാഗവും ഉയരത്തിൽ ആയതുകൊണ്ട് റോഡിന് ഇരുവശത്തുമുള്ള ഇടറോഡുകളിലേക്ക് രണ്ടടിയിലധികം ഉയര വ്യത്യാസമുണ്ട്.
റോഡിലേക്ക് വാഹനങ്ങൾ ഇറങ്ങുന്നതിനും കാൽനടക്കാർക്ക് റോഡിലേക്ക് നടന്നുകയറുന്നതിനും ചരിവ് ഇട്ടിട്ടില്ല. റോഡരികിലെ കാനയിലേക്ക് വാഹനങ്ങൾ തെന്നിവീണ് അപകടങ്ങളും സംഭവിക്കുന്നു. റോഡ് പണിയിലെ അശാസ്ത്രീയത മൂലമാണ് ഇതെന്നാണ് നാട്ടുകാരുടെ പരാതി. ഓരോ തവണയും റോഡ് പണിയുമ്പോൾ അശാസ്ത്രീയമായി ഉയരം കൂട്ടുന്നത് അപകടങ്ങൾ വർധിപ്പിച്ചു.
ഈ ഭാഗത്ത് ഇതിനോടകം നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. റോഡ് ഡിസൈനിങ്ങിലും കരാർ ജോലിയിൽ വന്ന അപാകതയാണ് അപകടങ്ങൾ വർധിക്കാൻ കാരണം. മരട് പൗരവേദി നേതൃത്വത്തിൽ അധികൃതർക്ക് പരാതി നൽകി. പൊതുമരാമത്ത് മന്ത്രി, ഹൈബി ഈഡൻ എം.പി, എം. സ്വരാജ് എം.എൽ.എ, കലക്ടർ, ദേശീയപാത ചീഫ് എൻജിനീയർ, എക്സി. എൻജിനീയർ എന്നിവർക്കാണ് പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

