വിവാദമായതോടെ പിന്മാറ്റം: പകല്‍വീടിന്റെ ശിലാഫലകം നീക്കി
text_fieldsനെട്ടൂര്‍-മാടവന പി.ഡബ്ല്യു.ഡി റോഡില്‍ നിര്‍മാണം പൂര്‍ത്തിയാകാതെ സ്ഥാപിച്ച പകല്‍വീടിന്റെ ശിലാഫലകം നഗരസഭ അധികൃതര്‍ നീക്കംചെയ്യുന്നു
മരട്: നെട്ടൂര്‍-മാടവന പി.ഡബ്ല്യു.ഡി റോഡില്‍ നിര്‍മാണം പൂര്‍ത്തിയാകാത്ത പകല്‍വീടിന്റെ ശിലാഫലകം വിവാദമായതോടെ പൊളിച്ചുമാറ്റി അധികൃതര്‍. മരട് നഗരസഭ ഒന്നാംഡിവിഷനിലാണ് ഉദ്ഘാടനം ചെയ്തെന്ന രീതിയില്‍ ശിലാഫലകം സ്ഥാപിച്ചത്. ഇതു ചൂണ്ടിക്കാട്ടി 'മാധ്യമം' ഞായറാഴ്ച വാര്‍ത്ത നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് മരട് നഗരസഭ ചെയര്മാന് ആന്റണി ആശാന്‍പറമ്പിലിന്റെ നേതൃത്വത്തില്‍ നഗരസഭ അധികൃതരെത്തി തിങ്കളാഴ്ച രാവിലെ ശിലാഫലകം നീക്കംചെയ്തത്.
കഴിഞ്ഞ ജനുവരിയില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് ലംഘിച്ചാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാത്ത പകല്‍വീട് ഉദ്ഘാടനം ചെയ്യാന്‍ തീരുമാനിച്ചതെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകനായ തോമസ് നെട്ടൂര്‍ നഗരസഭ സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. മുന്‍ എം.എല്‍.എ എം. സ്വരാജിന്റെ ഫണ്ടുപയോഗിച്ച് നിര്‍മിച്ചതായിരുന്നു പകല്‍വീട്. കെട്ടിടത്തിന്റെ ഇലക്ട്രിക്, പ്ലംബിങ് ജോലി തീര്‍ക്കാതെയാണ് ഉദ്ഘാടനം നടത്താന്‍ തീരുമാനിച്ചത്.
ശിലാഫലകം സ്ഥാപിച്ചത് തങ്ങളുടെ അറിവോടെയല്ലെന്നും ആരുപറഞ്ഞിട്ടാണ് വെച്ചതെന്നും അന്വേഷിക്കുന്നതിനായി കരാറുകാരനോട് വിശദീകരണം ആവശ്യപ്പെട്ടതായും നിര്‍മാണം പൂര്‍ത്തിയാകുന്ന മുറക്ക് മാത്രമാണ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുകയുള്ളൂവെന്നും മരട് നഗരസഭ ചെയര്മാന് ആന്റണി ആശാന്‍പറമ്പില്‍ ചെയര്മാന് പറഞ്ഞു.