മരട്: രാഷ്ട്രീയ ചേരിതിരിവുകളും സംഘര്‍ഷങ്ങളും രൂക്ഷമായ കാലത്ത് സൗഹൃദത്തിെൻറ മാതൃകയാവുകയാണ് പനങ്ങാട് ചേപ്പനത്തെ യൂനിയന്‍ പ്രവര്‍ത്തകര്‍. ഐ.എന്‍.ടി.യു.സി, സി.ഐ.ടി.യു എന്നീ യൂനിയനുകളുടെ ഓഫിസ് പ്രവര്‍ത്തിക്കുന്നത് ഒരേ കെട്ടിടത്തില്‍. രണ്ടു രാഷ്ട്രീയ ചിന്താഗതിക്കാരാണെങ്കിലും പ്രവര്‍ത്തനം ഒറ്റക്കെട്ടാണ്. ചേപ്പനം-പനങ്ങാട് കായലിനു സമീപത്തെ താല്‍ക്കാലിക ഷെഡായിരുന്നു തൊഴിലാളികളുടെ വിശ്രമകേന്ദ്രം. ചേപ്പനം തെക്കേ കോയിക്കല്‍ ശങ്കരനിലയത്തില്‍ ശശികല-അഡ്വ.വിഷ്ണുദാസ് ദമ്പതികളാണ് ഇരു യൂനിയനുകൾക്കുമായി കെട്ടിടം നിർമിക്കാൻ ഒന്നര സെൻറ് സ്ഥലംനൽകിയത്.
ഐ.എന്‍.ടി.യു.സി യൂനിയനാണ് ആദ്യം കെട്ടിടം പണിതത്. അന്നത്തെ ഐ.എന്‍.ടി.യു.സി യൂനിയന്‍ പ്രസിഡൻറ് എ.ജെ. ജോസഫ് മാസ്റ്ററായിരുന്നു. പിന്നീട് അദ്ദേഹത്തിെൻറ മരണശേഷം 2019 ജൂലൈ 28ന് ഒന്നാം ചരമവാര്‍ഷിക ദിനത്തിൽ മുൻ മന്ത്രി കെ.ബാബുവാണ് ഉദ്ഘാടനം ചെയ്തത്. എ.ജെ. ജോസഫ് മാസ്റ്റര്‍ ഭവന് എന്നാണ് ഐ.എന്‍.ടി.യു.സി യുടെ ഓഫിസിന് പേരിട്ടത്്. അതിനുശേഷമാണ് സി.ഐ.ടി.യു. ഇതേ കെട്ടിടത്തിെൻറ തുടർച്ചയായി അന്തരിച്ച മുന്‍ സി.പി.എം. പനങ്ങാട് ലോക്കല്‍ കമ്മിറ്റി സി.എസ്. പീതാംബരന് സ്മാരക മന്ദിരം പണിത് 2020 നവംബര്‍ 10 ന് പ്രവര്‍ത്തനമാരംഭിച്ചത്.
ഇരുപാര്‍ട്ടികള്‍ക്കും സൗജന്യമായി ലഭിച്ച സ്ഥലത്ത് രണ്ടു കെട്ടിടങ്ങള്‍ നിര്‍മിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാല്‍, 1.5 സെൻറ് സ്ഥലത്ത് കെട്ടിടം നിര്‍മിക്കുമ്പോള്‍ ഒഴിച്ചിടേണ്ട സ്ഥലത്തെക്കുറിച്ചുള്ള ആശങ്കയും സ്ഥലപരിമിതിയും മൂലമാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയതെന്ന് ഐ.എന്‍.ടി.യു.സി. ചാത്തമ്മ യൂനിറ്റ് പ്രസിഡൻറ് സി.എക്സ്. സാജി പറഞ്ഞു. നിലവില്‍ എല്ലാവരും ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിക്കുന്നതെന്നും ഐക്യത്തിെൻറ ഭാഗമായാണ് ഇത്തരത്തിലൊരു മാതൃകാപ്രവര്‍ത്തനത്തിന് വഴിയൊരുക്കിയതെന്നും സി.പി.എം. പനങ്ങാട് ലോക്കല്‍ സെക്രട്ടറി വി.എം. ഉണ്ണികൃഷ്ണന് പറഞ്ഞു. ചേരിതിരിവുകൾ രൂക്ഷമായ കാലത്ത് സൗഹൃദത്തിെൻറ സ്മാരകമാവുകയാണ് ഇൗ ഓഫിസുകൾ.