വേലിയേറ്റം: വളന്തക്കാട് വീടുകള്‍ വെള്ളക്കെട്ടിൽ
text_fieldsവെള്ളക്കെട്ടിലായ വീടുകള്‍ മരട് നഗരസഭ ചെയര്മാന് ആൻറണി ആശാന്‍പറമ്പില്‍, വൈസ് ചെയര്പേഴ്സൻ അഡ്വ. രശ്മി സനില്‍ എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു
മരട്: വളന്തക്കാടിലെയും സമീപപ്രദേശങ്ങളിലെയും വീടുകള്‍ വേലിയേറ്റത്തെ തുടര്‍ന്ന് വെള്ളക്കെട്ടിലായി. മരട് നഗരസഭയിലെ കായല്‍ തീരത്തുള്ള താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലാണ് വെള്ളം കയറിയത്. ഞായറാഴ്ച പുലര്‍ച്ചയുണ്ടായ വേലിയേറ്റത്തില്‍ പ്രദേശത്തെ നിരവധി വീടുകള്‍ വെള്ളത്തില്‍ മുങ്ങി.
എല്ലാ വര്‍ഷവും വൃശ്ചിക വേലിയേറ്റം കായല്‍ തീരത്ത് അനുഭവപ്പെടാറുണ്ടെങ്കിലും ഇക്കുറി മുന്‍ വര്‍ഷത്തേക്കാള്‍ ശക്തമായിരുന്നു.
എക്കലും ചെളിയും നിറഞ്ഞു കായലുകളുടെ ആഴം കുറഞ്ഞതും കാലാവസ്ഥ വ്യതിയാനവുമാണ് കായലിലെ ജലനിരപ്പ് ഉയരാനും വേലിയേറ്റം വര്‍ധിക്കാനും കാരണം. വളന്തകാടും സമീപ പ്രദേശങ്ങളിലും ആയിരുന്നു ഇക്കുറി വേലിയേറ്റം ഏറ്റവും രൂക്ഷം. ഞായറാഴ്ച പുലര്‍ച്ച ആറിന് മരട് നഗരസഭ ചെയര്മാന് ആൻറണി ആശാന്‍പറമ്പില്‍, വൈസ് ചെയര്പേഴ്സൻ അഡ്വ. രശ്മി സനില്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. വില്ലേജ് ഓഫീസറുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം സ്ഥലം സന്ദര്‍ശിച്ച് വിശദ റിപ്പോര്‍ട്ട് താലൂക്കിലേക്ക് നല്‍കുമെന്നും ആൻറണി ആശാന്‍പറമ്പില്‍ അറിയിച്ചു.

