കുടിവെള്ള ക്ഷാമം രൂക്ഷം
text_fieldsകുടിവെള്ള ക്ഷാമം രൂക്ഷമായതിനെ തുടർന്ന് ടാങ്കറിൽ
വെള്ളമെത്തിക്കുന്നു
മരട്: നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷം. പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത് വന്നിട്ടുണ്ട്. ഒരാഴ്ച മുതൽ ഒരു മാസത്തിലേറെ കുടിവെള്ളം കിട്ടാത്ത പ്രദേശമുണ്ട്. ഉയരക്കൂടുതലുള്ള ഭാഗങ്ങളിലും, ജലസംഭരണിയിൽ നിന്നും ദൂരക്കൂടുതലുള്ള സ്ഥലങ്ങളിലുമാണ് കുടിവെള്ളം തീരെ ലഭിക്കാത്തത്. ജലവിതരണത്തിന് നിയന്ത്രണമുള്ളതിനാൽ 15 എം.എൽ.ഡി കുടിവെള്ളമാണ് ഓരോ തദ്ദേശസ്ഥാപനത്തിനും അനുവദിച്ചിരിക്കുന്നത്.
എന്നാൽ, ഇത് ലഭിക്കുന്നില്ലെന്നാണ് പല കൗൺസിലർമാരുടെയും പരാതി. ചില പ്രദേശങ്ങളിലേക്ക് വാൽവ് തുറന്നുവിട്ട് അളവിൽ കൂടുതൽ ജലവിതരണം നടത്തുന്നതായും കൗൺസിലർമാർ കുറ്റപ്പെടുത്തി.
നെട്ടൂരിൽ പൂതേപ്പാടം, പുറക്കേലി പരിസരം ഉൾപ്പെടെ ഒന്നരയാഴ്ചയായി വിവിധയിടങ്ങളിൽ കുടിവെള്ളം കിട്ടുന്നില്ല. ഒരാഴ്ചയായി ടാങ്കർ ലോറികളിൽ താൽക്കാലികമായി നഗരസഭയുടെയും വിവിധ ഡിവിഷൻ കൗൺസിലർമാരുടെയും നേതൃത്വത്തിൽ വെള്ളം എത്തിക്കുന്നുണ്ട്. ലോറികൾ കയറാൻ പറ്റാത്ത പ്രദേശങ്ങളിലേക്ക് വെള്ളം എത്താത്തത് ദുരിതമായി മാറുകയാണ്. ഇതിന് പരിഹാരം കാണാൻ അധികൃതർ തയാറാകണമെന്ന ആവശ്യവും ശക്തമാണ്. തൃപ്പൂണിത്തുറ നഗരസഭ, കുമ്പളം പഞ്ചായത്ത് തുടങ്ങിയ പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്. കുമ്പളം പഞ്ചായത്തിലെ 1, 12 വാർഡുകളിൽ കുടിവെള്ളം തീരെ ലഭിക്കുന്നില്ല. പാഴൂർനിന്നാണ് മരട്, കുമ്പളം, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലേക്ക് കുടിവെള്ളം എത്തുന്നത്. രണ്ട് മോട്ടോറുകളിൽ ഒരെണ്ണം തകരാറിലായതാണ് കുടിവെള്ള ക്ഷാമം രൂക്ഷമാകാൻ കാരണമെന്നാണ് വിവരം.
കുടിവെള്ള വിൽപ്പന തകൃതി
മരട്: നാട്ടുകാർക്ക് കുടിക്കാൻ ഒരുതുള്ളി വെള്ളമില്ലെങ്കിലും നെട്ടൂരിലെ ജനറം ജലശുദ്ധീകരണശാലയിൽ കൂറ്റൻ ടാങ്കറുകളിൽ കുടിവെള്ള വിൽപന തകൃതി. ലിറ്ററിന് 10 പൈസയാണ് സർക്കാർ ഈടാക്കുന്നത്.
ഇത് ശുചീകരിച്ച ശേഷം കുപ്പികളിൽ നിറച്ച് ലിറ്ററിന് 10 രൂപയാണ് (പത്തിരട്ടി) ഈടാക്കുന്നത്. കൂടുതൽ ലാഭം കൊയ്യുന്നതിനായി ചില കുടിവെള്ള കമ്പനികളും തങ്ങളുടെ പ്ലാൻറ് ജനറം ജലസംഭരണിക്ക് സമീപത്തേക്ക് മാറ്റിയതായും ആക്ഷേപമുണ്ട്.
കുടിവെള്ള വിതരണം മുടങ്ങും
മരട്: ജലഅതോറിറ്റിയുടെ പമ്പ്ഹൗസിൽ അടിയന്തര അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മരടിലെ ജനറം ജലശുദ്ധീകരണശാലയിൽ നിന്നുള്ള മരട് മുനിസിപ്പാലിറ്റി, കുമ്പളം, കുമ്പളങ്ങി, ചെല്ലാനം പഞ്ചായത്തുകൾ, കൊച്ചി കോർപറേഷനിൽ തേവര, കൊച്ചിൻപോർട്ട് കൂടാതെ കരുവേലിപ്പടി, ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി പ്രദേശങ്ങളിൽ തിങ്കളാഴ്ച ഭാഗികമായി കുടിവെള്ള വിതരണം മുടങ്ങുമെന്ന് ജല അതോറിറ്റി വൈറ്റില വാട്ടർ വർക്സ് സബ് ഡിവിഷൻ അസി. എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. എന്നാൽ, ടാങ്കറിൽ കുടിവെളളമെത്തിക്കാൻ തദ്ദേശസ്ഥാപന അധികൃതർ തയാറാകണമെന്ന് വിവിധ റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

