കുണ്ടന്നൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
text_fieldsനെട്ടൂർ -കുണ്ടന്നൂർ പാലത്തിൽ ഓടിക്കൊണ്ടിരിക്കെ കാറിന് തീപ്പിടിച്ചപ്പോൾ
മരട്: നെട്ടൂർ-കുണ്ടന്നൂർ പാലത്തിൽ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു. ആലപ്പുഴ സ്വദേശി റസലും കുടുംബവും സഞ്ചരിച്ച വാഹനമാണ് സഞ്ചരിച്ചുകൊണ്ടിരിക്കെ പാലത്തിൽ തീപ്പിടിച്ചത്. കാർ പൂർണമായും കത്തിനശിച്ചു.
റസലിന്‍റെ ഭാര്യയും മാതാപിതാക്കളും നാല് ചെറിയ കുട്ടികളുമായിരുന്നു കാറിലുണ്ടായിരുന്നത്. മുൻവശത്ത് നിന്നും പുക ഉയർന്നത് ശ്രദ്ധയിൽപെട്ട ഉടൻ എല്ലാവരും പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി. ഉടനെ തീ ആളിപടർന്ന് കാർ പൂർണമായും കത്തിനശിച്ചു.
ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തിയാണ് തീയണച്ചത്. മൂവാറ്റുപുഴയിലുള്ള ബന്ധുവീട്ടിൽ പോയി ആലപ്പുഴക്ക് മടങ്ങി വരുന്ന വഴി ഇന്നലെ വൈകീട്ട് 4.45 ഓടെയായിരുന്നു അപകടം. ഒന്നര മാസം മുമ്പ് കാർ സർവീസ് നടത്തിയിരുന്നുവെന്നും കാറിന് ഒരു വർഷത്തെ പഴക്കമുള്ളൂവെന്നും പറയപ്പെടുന്നു. കാർ കത്തിയതിനെ തുടർന്ന് റോഡിൽ ഗതാഗത തടസ്സം നേരിട്ടു.

