ഉറങ്ങിക്കിടന്ന ഡ്രൈവറെ ആക്രമിച്ച് പണം കവര്‍ന്നു
text_fieldsനെട്ടൂരില്‍ ഡ്രൈവറെ ആക്രമിച്ച് പണം കവര്‍ന്ന പ്രതികള്‍ ലോറിയുടെ ചില്ല് തകര്‍ത്തനിലയില്‍
മരട്: ദേശീയപാത നെട്ടൂരില്‍ ലോറി ഡ്രൈവറെ ആക്രമിച്ച് പണം കവര്‍ന്നു. ശനിയാഴ്ച പുലർച്ച ഒരുമണിയോടെ നെട്ടൂരില്‍ ടോയ് പാര്ക്കിന് സമീപം ദേശീയപാതയില്‍ വാഹനത്തില്‍ ഉറങ്ങിയിരുന്ന തമിഴ്നാട് തഞ്ചാവൂര്‍ സ്വദേശി സേതുവിനുനേരെയാണ് ആക്രമണം നടന്നത്.
സംഭവത്തിൽ പനങ്ങാട് ഭജന അമ്പലത്തിന് സമീപം പുത്തന്‍തറയില്‍ അഖില്‍ (23), സെൻറ് ആൻറണീസ് ചര്‍ച്ചിന് സമീപം ഫ്ലാറ്റില്‍ വാടകക്ക് താമസിക്കുന്ന ചിറ്റാനപ്പറമ്പില്‍ അമല്‍ (22) എന്നിവരെ അറസ്റ്റ് ചെയ്തു.
തമിഴ്നാട്ടില്‍നിന്ന് നെട്ടൂരിലെ സിക്കാജെന്‍ പൈപ്പ് കടയില്‍ ലോഡുമായെത്തിയതായിരുന്നു സേതു.
ഉറങ്ങിക്കിടക്കുന്നതിനിടെ ആക്രമികളിലൊരാള്‍ തട്ടിവിളിക്കുകയും മൊബൈല്‍ ഫോണും പണവും ആവശ്യപ്പെടുകയുമായിരുന്നു. നല്‍കാത്തതിനെതുടര്‍ന്ന് ആക്രമിച്ച് 1000 രൂപയുമായി കടന്നുകളഞ്ഞു. എന്നാല്‍ ഇതേ സംഘം നാലുമണിയോടെ വീണ്ടും തിരിച്ചെത്തുകയും കൂടുതല്‍ പണം ആവശ്യപ്പെടുകയും ലഭിക്കാതെ വന്നപ്പോൾ തല്ലുകയും ലോറിയുടെ മുന്നിലെ ഗ്ലാസ് തല്ലിത്തകര്‍ക്കുകയും ചെയ്തു.
പിന്നീട് കടന്നുകളയാന്‍ ശ്രമിച്ച അക്രമികളിലൊരാളെ ലോറി ഡ്രൈവര്‍ പിടിച്ചുവെക്കുകയും അതുവഴി കടന്നുപോയ യാത്രക്കാരും നാട്ടുകാരും പൊലീസിനെ അറിയിക്കുകയുമായിരുന്നു.

