ഓടിക്കൊണ്ടിരിക്കെ ലോറിയുടെ ടയര്‍ ഊരിത്തെറിച്ചു; ഒഴിവായത് വന്‍ദുരന്തം
text_fieldsകുണ്ടന്നൂര്‍ ജങ്ഷനില്‍ ഐലൻഡ് ഭാഗത്തേക്ക് തിരിയുന്നതിനിടെ ലോറിയുടെ ടയര്‍ ഊരിത്തെറിച്ച നിലയില്‍
മരട്: ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിയുടെ ടയര്‍ ഊരിത്തെറിച്ചു, ഒഴിവായത് വന്‍ദുരന്തം. കുണ്ടന്നൂര്‍ ജങ്ഷനില്‍ വെള്ളിയാഴ്ച വൈകീട്ട് 3.30യോടെയാണ് സംഭവം. ലോഡുമായി കുണ്ടന്നൂര്‍ ജങ്ഷനില്‍നിന്ന് ഐലൻഡ് ഭാഗത്തേക്ക് തിരിയുന്നതിനിടെ ലോറിയുടെ പിന്‍ഭാഗത്തെ വലതുവശത്തെ ടയര്‍ ഊരിത്തെറിക്കുകയായിരുന്നു. ഈ സമയം മറ്റ് വാഹനങ്ങള്‍ പോകാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി.
മെറ്റലുമായി തമിഴ്നാട്ടിൽനിന്ന് ഐലൻഡ് ഭാഗത്തേക്ക് പോകാൻ കുണ്ടന്നൂര്‍ ജങ്ഷനില്‍നിന്ന് തിരിയുന്നതിനിടെ കുണ്ടന്നൂര്‍ മേല്‍പാലത്തിന് താഴെ വെച്ച് ടയര്‍ ഊരിത്തെറിക്കുകയായിരുന്നു. ഇതുകണ്ട വാഹന യാത്രക്കാരന് ലോറി ഡ്രൈവറോട് വിവരം പറഞ്ഞപ്പോഴാണ് ഡ്രൈവര്‍ സംഭവം അറിയുന്നത്. ഉടനെ വാഹനം നിര്‍ത്തിയെങ്കിലും മറുവശത്തെ രണ്ടാമത്തെ ടയറും തെറിച്ചുപോകുന്ന അവസ്ഥയില്‍ അഴിഞ്ഞ നിലയിലായിരുന്നു. വീല്‍ ഞെട്ടുകള്‍ ഒടിഞ്ഞതാണ് ടയര്‍ അഴിഞ്ഞുപോകാന്‍ കാരണമായത്.