കോതമംഗലം: ഒാരോ ക്രിസ്മസ് കാലവും വിത്യസ്തമായ സാൻറയെ ഒരുക്കുകയാണ് സിജോ ജോർജ്. കഴിഞ്ഞ ക്രിസ്മസ്കാലത്ത് ഹെലികോപ്ടറിൽ വന്നിറങ്ങുന്ന പൈലറ്റ് സാൻറയെയാണ് നിർമിച്ചതെങ്കിൽ ഇത്തവണ കപ്പിത്താനായാണ് സാൻറയുടെ വരവ്.
ക്രിസ്മസ്കാലത്ത് കൈനിറയെ സമ്മാനങ്ങളുമായി വരുന്ന സാൻറാക്ലോസ് സിജോയുടെ മുറ്റത്ത് ക്യാപ്റ്റെൻറ വേഷത്തിൽ അവതരിച്ചിരിക്കുകയാണ്. കുത്തുകുഴി, പാറായിത്തോട്ടത്തിന് സമീപമാണ് സിജോയുടെ വീട്. വീടിെൻറ മുറ്റത്താണ് ബോട്ട് ഓടിക്കുന്ന സാൻറാക്ലോസിനെ ഒരുക്കിയിരിക്കുന്നത്. കഴുത്ത് ചലിപ്പിച്ച് ബോട്ടിെൻറ വളയം തിരിക്കുന്ന സാൻറയെ മനോഹരമായാണ് ചിത്രീകരിച്ചിരിക്കുന്നത്.
ഉപയോഗശൂന്യമായ വസ്തുക്കൾ ഉപയോഗിച്ചാണ് ഇത് നിർമിച്ചിരിക്കുന്നത്. ബോട്ടിെൻറ ഫ്രെയിം ഈറ്റ കൊണ്ടാണ്. കാർഡ് ബോർഡ്, പഴയ ചാക്ക്, ഫ്ലക്സ് തുടങ്ങിയവയാണ് സാൻറ നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. രണ്ട് മിനി മോട്ടോറുകളാണ് സാൻറയെ ചലിപ്പിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. ക്രിസ്മസ് ഗാനത്തിെൻറ പശ്ചാത്തലത്തിൽ ബോട്ട് ഓടിച്ചു വരുന്ന സാൻറ ആരെയും അതിശയിപ്പിക്കും. ആയിരം രൂപയാണ് നിർമാണത്തിന് ചെലവായത്.