തല ചായ്ക്കാനൊരിടത്തിനായി കരീമിെൻറ യാത്ര തുടരുന്നു
text_fieldsകോതമംഗലം: തല ചായ്ക്കാനൊരിടത്തിനായി കരീമിെൻറ യാത്ര തുടരുന്നു. വാഴക്കുളം പഞ്ചായത്ത് ചെമ്പറക്കിയിൽ പുറമ്പോക്കിൽ 30 വർഷത്തിലേറെയായി കഴിഞ്ഞുവരുകയാണ് പീടികപ്പറമ്പിൽ കരീമും കുടുംബവും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നടത്തിയ അദാലത്തിൽ കിഴക്കമ്പലം പഞ്ചായത്തിൽ മൂന്ന് സെൻറ് അനുവദിച്ചെങ്കിലും ഇതുവരെ അത് കരീമിന് സ്വന്തമാക്കാനായിട്ടില്ല. സ്ഥലം ലഭിക്കുന്നതിന് മനുഷ്യാവകാശ കമീഷനിലടക്കം പരാതി നൽകി. ജീവിത മാർഗത്തിനായി ലോണെടുത്ത് വാങ്ങിയ ഗുഡ്സ് ആപ്പേയിലാണിപ്പോൾ കരീമിെൻറ അന്തിയുറക്കം. കിടക്കാൻ ഇടമില്ലാത്തതിനാൽ ഭാര്യയും മക്കളും പുക്കാട്ടുപടിയിലെ ഭാര്യവീട്ടിലാണ്.
കയറിക്കിടക്കാൻ ഒരിടം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കരീം സാന്ത്വന സ്പർശം അദാലത്തിലെത്തിയത്. തെൻറ സങ്കടങ്ങൾ മന്ത്രി ഇ.പി. ജയരാജനുമുന്നിൽ നിരത്തി കരീം വിങ്ങിപ്പൊട്ടി. കിഴക്കമ്പലം പഞ്ചായത്ത് സെക്രട്ടറിയോട് ഒരാഴ്ചക്കകം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കരീമിെൻറ പരാതി തുടർനടപടികൾക്കായി മാറ്റി. ഉദ്യോഗസ്ഥർ തെൻറ പരാതിക്ക് ഗൗരവം നൽകാത്തതിൽ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് തെൻറ ജീവിതമാർഗമായ ഓട്ടോയുമായി പുക്കാട്ടുപടിയിലേക്ക് മടങ്ങി.