പാടത്തിറങ്ങി വിജയപാഠം രചിച്ച് ജഗദീഷ്
text_fieldsകോതമംഗലം: ലോക് ഡൗണിൽ വീട്ടിലിരുന്ന് ജോലി ചെയ്യാൻ ബംഗളൂരുവിൽ നിന്ന് നാട്ടിലെത്തുമ്പോൾ നെല്ലിക്കുഴി പഞ്ചായത്തിലെ കുറ്റിലഞ്ഞി പാറേത്ത് ജഗദീഷ് ഒരിക്കലും കരുതിയില്ല കാർഷിക പാഠങ്ങളും തനിക്ക് വഴങ്ങുമെന്ന്. കുടുംബസമേതം ബംഗളൂരുവിൽ താമസിച്ചിരുന്ന ജഗദീഷ് കോവിഡ് വ്യാപനത്തെ തുടർന്നാണ് കഴിഞ്ഞ മാർച്ചിൽ വീട്ടിലേക്ക് മടങ്ങിയത്. ഒപ്പം അനുജൻ ഹരികൃഷ്ണനും ചെന്നൈയിൽനിന്ന് നാട്ടിലെത്തി.
ഒരു മാസത്തെ ക്വാറൻറീൻ കാലത്താണ് തരിശായി കിടക്കുന്ന രണ്ട് ഏക്കറിലധികം വരുന്ന സ്ഥലത്ത് കൃഷിയിറക്കാൻ തീരുമാനിക്കുന്നത്. ഏത്തവാഴ കൃഷിയാണ് ആദ്യം ആലോചിച്ചത്. വാഴക്കന്നുകൾ കിട്ടാൻ ക്ഷാമം നേരിട്ടതോടെ കരനെൽ കൃഷിയിലേക്കും കപ്പയിലേക്കും തിരിയുകയായിരുന്നു. നെല്ലിക്കുഴി കൃഷിഭവനിൽനിന്ന് കരനെൽ കൃഷിക്കാവശ്യമായ വിത്ത് ലഭ്യമാകുമെന്ന് ഉറപ്പായതോടെ കാടുകയറി കിടന്ന പ്രദേശം മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് കൃഷിയോഗ്യമാക്കി.
40 സെൻറ് സ്ഥലത്ത് കരനെൽ കൃഷിയും ബാക്കി വരുന്നിടത്ത് കപ്പയും നട്ടു. 150ൽപരം തെങ്ങിൻ തൈകളും നട്ടു. വെണ്ട, പയർ, മത്തൻ, ചോളം ഉൾെപ്പടെയുള്ള പച്ചക്കറി കൃഷിയും തുടങ്ങി. ഓണ വിപണിക്കാവശ്യമായ മത്തനും മറ്റും നൽകാൻ കഴിഞ്ഞു. കരനെൽ കൃഷിയിൽ നൂറുമേനി വിളവാണിവർക്ക് ലഭിച്ചിരിക്കുന്നത്. കൊയ്ത്ത് പരിചയമില്ലാത്തതിനാൽ സ്ത്രീ തൊഴിലാളികളെ ഒപ്പം കൂട്ടി കറ്റകൾ കൊയ്തെടുക്കുകയാണിവർ. ആർക്കും പരീക്ഷിച്ച് വിജയിക്കാവുന്നതാണ് കരനെൽ കൃഷിയെന്ന് ഇവർ പറയുന്നു. സബീഷ്, അനീഷ് വർമ, ജിതേഷ് എന്നീ സുഹൃത്തുക്കൾ കൃഷിക്ക് കൂട്ടായി ഇവർക്കൊപ്പമുണ്ട്.