കോതമംഗലം: പകൽ ലോട്ടറി കച്ചവടത്തിനായി കറങ്ങിനടന്ന് വീടുകൾ കണ്ടെത്തി രാത്രി മോഷണം നടത്തുന്ന മൂന്നംഗം സംഘത്തെ പോത്താനിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.
നെല്ലിമറ്റം മങ്കുഴിക്കുന്നേൽ ബിജു എന്ന ആസിഡ് ബിജു (45), പല്ലാരിമംഗലം പറമ്പിലകാട്ടിൽ ഗോപി (52), തൃശൂർ അടാട്ട് സ്വദേശി ശശികുമാർ (62) എന്നിവരാണ് പിടിയിലായത്.
തൃക്കാരിയൂർ, ഏറാമ്പ്ര എന്നിവിടങ്ങളിൽ നിന്നുമാണ് പ്രതികളെ പിടികൂടിയത്. ആസിഡ് ബിജുവാണ് സംഘത്തിെൻറ തലവൻ. പല്ലാരിമംഗലം പഞ്ചായത്തിൽ കുറേ നാളായി നടന്ന മോഷണങ്ങൾ സംബന്ധിച്ച അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. അടുത്തിടെ പല്ലാരിമംഗലം ഈട്ടിപ്പാറയിലും പുലികുന്നേപ്പടിയിലും മാവുടിയിലും വീടിെൻറ വാതിൽ തകർത്ത് മോഷണം നടന്നിരുന്നു.
വീടിെൻറ പിൻവാതിൽ കുത്തിപ്പൊളിച്ച് ഉറങ്ങിക്കിടക്കുന്നവരുടെ കഴുത്തിലും ൈകയിലും കാലിലുമുള്ള ആഭരണങ്ങൾ കട്ടർ ഉപയോഗിച്ച് മുറിച്ച് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. ഇവർക്കെതിരെ വിവധ ജില്ലകളിൽ കേസുണ്ട്.
ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിെൻറ നേതൃത്വത്തിൽ, മൂവാറ്റുപുഴ ഡിവൈ.എസ്.പി മുഹമ്മദ് റിയാസിെൻറ കീഴിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. കമ്പിപ്പാരയും കട്ടറും വാങ്ങിയ പെരുമ്പാവൂരിലെ ഹാർഡ് വെയർ ഷോപ്പിൽ ബിജുവിനെ എത്തിച്ച് തെളിവെടുപ്പ് നടത്തി.
പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്ത് കറുകുറ്റി കോവിഡ് സെൻററിലേക്ക് അയച്ചു. പ്രതികളുടെ കോവിഡ് പരിശോധനക്ക് ശേഷം കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തും.
അന്വേഷണ സംഘത്തിൽ പോത്താനിക്കാട് എസ്.എച്ച്.ഒ നോബിൾ മാനുവൽ, എസ്.ഐമാരായ കെ.കെ. രാജേഷ്, ബേബി ജോസഫ്, എ.എസ്.ഐ അഷറഫ്, എസ്.സി.പി.ഒ സലിം, അജീഷ് കുട്ടപ്പൻ, ബിജു ജോൺ, തൽഹത്ത്, വിജേഷ്, രാഹുൽ, ഷറഫ് അമീൻ എന്നിവർ ഉണ്ടായിരുന്നു.
മൂവർക്കുമെതിരെ നിരവധി കേസുകൾ
കോതമംഗലം: പോത്താനിക്കാട് പൊലീസ് പിടികൂടിയ മോഷ്ടാക്കൾ നിരവധി കേസുകളിലെ പ്രതികൾ. അടുത്തിടെ ഷൊർണൂർ പൊലീസ് സ്റ്റേഷനിലെ മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ട് വിയൂർ സെൻട്രൽ ജയിലിൽ കഴിയുകയായിരുന്ന ബിജു ജൂലൈ 12നാണ് പുറത്തിറങ്ങുന്നത്.
ഇയാൾ പുറത്തിറങ്ങിയതിന് ശേഷം, പോത്താനിക്കാട്, കോതമംഗലം കുറുപ്പംപടി, കുന്നത്തുനാട് എന്നീ സ്റ്റേഷൻ പരിധികളിൽ വിവിധ സ്ഥലങ്ങളിൽ മോഷണം നടത്തി. മാവുടി, ഈട്ടിപ്പാറ, പുലിക്കുന്നേപ്പടി തുടങ്ങിയ സ്ഥലങ്ങളിൽ മോഷണം നടത്തിയ ബിജുവിെൻറ പക്കൽനിന്ന് 27 പവനോളം സ്വർണം കെണ്ടത്തി.
കോതമംഗലം, കുറുപ്പുംപ്പടി, കുന്നത്തുനാട് എന്നീ സ്റ്റേഷനുകളിലെ ഓരോ കേസുകളിലും മോഷണം നടത്തിയിരുന്നത് ബിജുവാണെന്ന് തെളിഞ്ഞതായി പൊലീസ് അറിയിച്ചു. മോഷണം നടത്തിയ സ്വർണം തൃശൂർ, പെരുമ്പാവൂർ, കോലഞ്ചേരി എന്നീ സ്ഥലങ്ങളിൽ വിൽക്കുന്നതിന് ഗോപിയുടെയും ശശികുമാറിെൻറയും സഹായം ബിജു തേടിയിരുന്നു.
ജയിലിൽനിന്നും പുറത്തിറങ്ങിയ ബിജുവിന് അടിവാട്, കനാൽ ഭാഗത്ത് വീട് തരപ്പെടുത്തി നൽകിയത് പല്ലാരിമംഗലത്തുള്ള ഗോപിയാണ്. മോഷണം നടത്തിയിട്ട് കോതമംഗലം, പെരുമ്പാവൂർ തുടങ്ങിയ സ്ഥലങ്ങളിൽ താമസിച്ച് വരികയായിരുന്നു.
സംഘത്തിലെ മുഖ്യകണ്ണിയായ ആസിഡ് ബിജുവിന് വിവിധ സ്റ്റേഷനുകളിലായി 50ൽ അധികം കേസുകളുണ്ട്. ഒറ്റക്ക് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. മോഷണം നടത്താൻ ഉദ്ദേശിക്കുന്ന വീടിെൻറ കത്തിക്കിടക്കുന്ന ബൾബുകൾ ഊരിമാറ്റിയശേഷമാണ് ബിജു പിൻവാതിൽ പൊളിച്ച് അകത്ത് കയറുന്നത്.
അറസ്റ്റിലായ ഗോപിക്ക് കോതമംഗലം, ചെങ്ങന്നൂർ, പത്തനംതിട്ട, മൂവാറ്റുപുഴ, പോത്താനിക്കാട് എന്നീ സ്റ്റേഷനുകളിലായി മുക്കുപണ്ടം പണയംെവച്ച് തട്ടിപ്പ് നടത്തിയതിന് കേസുകളുണ്ട്.