കോതമംഗലം: കോവിഡ് ബാധിച്ച് മരിച്ച അജ്ഞാതെൻറ മൃതദേഹ സംസ്കാരം ഏറ്റെടുത്ത് നേര്യമംഗലത്തെ ആരോഗ്യ പ്രവർത്തകരുടെ മാതൃക. കോവിഡ് ബാധിച്ച അജ്ഞാതെൻറ മൃതദേഹം സംസ്കരിക്കാൻ ഭയംമൂലം ആരും തയാറാകാതെ വന്നപ്പോൾ നേര്യമംഗലം കുടുംബാരോഗ്യകേന്ദ്രത്തിലെ ഉദ്യോഗസ്ഥരായ ജഗദീഷും ജോഷിയും സുധീറും ധൈര്യപൂർവം ഏറ്റെടുക്കുകയായിരുന്നു.
കഴിഞ്ഞദിവസം മൂവാറ്റുപുഴ നഗരത്തിൽ മരിച്ച വയോധികെൻറ മൃതദേഹമാണ് എറണാകുളം ഗവ. മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബുധനാഴ്ച സന്ധ്യയോടെ നേര്യമംഗലം പൊതുശ്മശാനത്തിൽ സംസ്കരിച്ചത്.
മൃതദേഹം സംസ്കരിക്കാൻ ഔദ്യോഗികമായി ചുമതലയുണ്ടായിരുന്ന മൂവാറ്റുപുഴ നഗരസഭയിലെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ സന്ധ്യ കഴിഞ്ഞിട്ടും എത്തിയില്ല. സംസ്കാരം നടത്താൻ കൂലിക്ക് വിളിച്ചിരുന്ന തൊഴിലാളികൾ കോവിഡ് ആണെന്ന് അറിഞ്ഞ് പിന്മാറുകയും ചെയ്തു. പി.പി.ഇ കിറ്റ് നൽകാമെന്ന് അറിയിച്ചിട്ടും തൊഴിലാളികൾ തയാറായില്ല. കോവിഡ് പോസിറ്റിവ് ആണെന്നറിഞ്ഞതോടെ പരിസരെത്ത വീടുകളിലുള്ളവർ ആരും തന്നെ വരാൻ തയാറായതുമില്ല.
ഇരുട്ടിത്തുടങ്ങിയതോടെ സംസ്കാരത്തിന് മേൽനോട്ടം വഹിക്കാൻ സ്ഥലത്തെത്തിയ നേര്യമംഗലം ഹെൽത്ത് ഇൻസ്പെക്ടർ എം.എൻ. ജഗദീഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജോഷി തോമസ്, സീനിയർ സ്റ്റാഫ് നഴ്സ് കെ.എച്ച്. സുധീർ എന്നിവർ തങ്ങളുടെ ജോലിയുടെ ഭാഗമല്ലാതിരുന്നിട്ടും സംസ്കരിക്കാൻ മുന്നോട്ട് വരുകയായിരുന്നു.
കൂരിരുട്ടിൽ പൊലീസ് ഉദ്യോഗസ്ഥർ തെളിച്ചുകൊടുത്ത മൊബൈൽ ഫോൺ ടോർച്ച് വെളിച്ചം മാത്രം ആശ്രയിച്ച് കാടുപിടിച്ച പൊതുശ്മശാനത്തിൽ വളരെ ശ്രമകരമായാണ് ജോലി പൂർത്തിയാക്കിയത്.