ചൂണ്ടയിടൽ വരുമാനമാർഗമാക്കി ഒരു പറ്റം യുവാക്കൾ
text_fieldsപെരിയാറിൽനിന്ന് പിടിച്ച 15 കിലോയിലേറെ തൂക്കമുള്ള കുയിൽ മത്സ്യം
കോതമംഗലം: പെരിയാറിെൻറ തീരങ്ങളിൽ കോവിഡ് ഒരു പറ്റം യുവാക്കളുടെ ജീവിതരീതികളെ മാറ്റിയിട്ട് മാസങ്ങളായി. പുറത്തിറങ്ങാനോ ജോലിക്ക് പോകാനോ കഴിയാതിരുന്ന നാളുകളിൽ പുഴയോരത്തെ നേരം പോക്കുകളെ വരുമാനമാർഗമാക്കി മാറ്റുകയാണിവർ.
സമയം പോകാൻ വേണ്ടി മാത്രം ചൂണ്ടയിട്ടിരുന്നവർ ദിനംപ്രതി ആയിരങ്ങൾ നേടുവാനുള്ള മാർഗമാക്കി മാറിയിരിക്കുന്നു. പുഴ മീനിൽ രാസവസ്തുക്കൾ ചേർക്കപ്പെടുന്നില്ല എന്നതിനാൽ മീൻ തേടി എത്തുന്നവരുടെ എണ്ണവും വർധിച്ചു. വാളയാണ് മീൻ പിടിക്കുന്നവരുടെ ഇഷ്ട മത്സ്യം. പുല്ലന്, കരിമീന്‍, റോഗ്, മൃഗാള്‍, കുയിൽ, ആരോൺ, ഉരുൾ തുടങ്ങി വിവിധ ഇനങ്ങളും ലഭിക്കുന്നു. വിദേശ ഇനം ന്യൂ ജെനറേഷൻ ചൂണ്ടകളും പണം കൊടുത്തു വാങ്ങുന്ന ഇരയുമാണ് മീൻ പിടിത്തത്തിനായി ഇപ്പോൾ ഉപയോഗിക്കുന്നത്. പരമ്പരാഗത രീതി വിട്ട് പരിപ്പ് വടയും, പപ്പടവും പൊറോട്ടയും ഒക്കെ ഇരയായി ഉപയോഗിക്കുന്നവരും ഉണ്ട്.
പുഴയുടെ ഒഴുക്കും ആഴവും മീനിെൻറ വരവും അറിയുന്നവര്‍ക്ക് ഭാഗ്യം കൂടി തുണച്ചാൽ പിന്നെ മീൻ കൊയ്ത്താണ്. ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലും സമീപ പ്രദേശങ്ങളിൽ നിന്നുപോലും യുവാക്കളുടെ സംഘം ചൂണ്ടയിടാന്‍ പെരിയാർ തീരങ്ങളിൽ എത്താറുണ്ട്. ഭൂതത്താൻകെട്ട് മുതൽ തട്ടേക്കാട് കുട്ടമ്പുഴ വരെ പ്രദേശങ്ങളിലാണ് മീൻ വേട്ടക്കാർ ഏറെയും. കഴിഞ്ഞ ദിവസം കുട്ടമ്പുഴ നൂറേക്കർ സ്വദേശി തോമസിന് പെരിയാറിൽനിന്ന് 15 കിലോയോളം തൂക്കമുള്ള കുയിൽ മീൻ ആണ് ചൂണ്ടയിൽ ലഭിച്ചത്. ഇന്ത്യൻ ശുദ്ധജലാശയങ്ങളിലെ രാജാവെന്ന് പേരുകേട്ട മീനാണ് കുയിൽ മീൻ (മഹസീർ). .
വനമേഖലയോട് ചേർന്നുള്ള ജലാശയങ്ങളിൽനിന്ന് പിടിക്കുന്ന മത്സ്യങ്ങൾക്ക് വൻ ഡിമാൻഡ് ഉള്ളത്. നേരത്തേ മീൻ ബുക്ക് ചെയ്യുന്നവർ വരെയുണ്ടെന്ന് മീൻ പിടിത്തം ഹരമാക്കിയെടുത്തിരിക്കുന്ന ജയൻ പറയുന്നു.