നബീസയെ ഇനി എടുത്തുകയറ്റണ്ട; വീടിനുമുന്നിൽ പാലം നിർമിക്കും
text_fieldsകോതമംഗലം: പെരിയാർവാലി പദ്ധതിക്കു കീഴിലുള്ള കനാലിന് ഭൂമി വിട്ടുനൽകിയ മൂവാറ്റൂപുഴ വാഴപ്പിള്ളി പുളിഞ്ചോട് സ്വദേശിനിക്ക് കനാൽ മുറിച്ചുകടക്കാൻ പാലം നിർമിച്ചുനൽകാൻ അദാലത്തിൽ തീരുമാനം. പോളിയോ ബാധിച്ച് അരക്കുതാഴെ ചലനശേഷിയില്ലാത്ത നബീസയെ തോളിലെടുത്ത് അടുത്ത വീട്ടിലെ പാലത്തിലൂടെയാണ് ഇപ്പോൾ കനാൽ മുറിച്ചുകടത്തുന്നത്. വീടിന് മുന്നിൽ പാലം നിർമിച്ചുനൽകിയാൽ വീൽചെയറിൽ തനിയെ വീട്ടിലേക്ക് കയറാനും ഇറങ്ങാനും കഴിയുമെന്നും പാലം നിർമിക്കാൻ നടപടി സ്വീകരിക്കണമെന്നുമായിരുന്നു നബീസയുടെ അപേക്ഷ.
അപേക്ഷ പരിഗണിച്ച മന്ത്രി വി.എസ്. സുനിൽ കുമാർ, വീൽചെയർ പോകാൻ കഴിയുന്ന വിധത്തിൽ നബീസയുടെ വീടിന് മുന്നിൽ പാലം നിർമിക്കാൻ പെരിയാർവാലി എക്സിക്യൂട്ടിവ് എൻജിനീയർക്ക് നിർദേശം നൽകി. നേരിട്ട് പോയി സ്ഥലം സന്ദർശിക്കാനും ഒരുമാസത്തിനകം പാലം നിർമിച്ച് നൽകാനുമാണ് മന്ത്രി നിർദേശിച്ചത്. നബീസയും സഹോദരി സൽമയും പ്രായമായ ഉമ്മയുമാണ് വീട്ടിലുള്ളത്. സമീപത്ത് താമസിക്കുന്ന സഹോദരനാണ് നബീസയെ എടുത്ത് കനാൽ മുറിച്ചുകടക്കുന്നത്. 40 വയസ്സുള്ള നബീസക്ക് 15,000 രൂപ ചികിത്സ സഹായവും അദാലത്തിൽ അനുവദിച്ചു.