കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളജിൽ ഒ.പി വിഭാഗം തുടങ്ങാൻ തീരുമാനം. ശ്വാസകോശ സംബന്ധമായ രോഗം ബാധിച്ച് എത്തുന്നവരെ പരിശോധിച്ച് അവർക്ക് കോവിഡ് പോസിറ്റീവാണെങ്കിൽ അവിടെ തന്നെ പ്രവേശിപ്പിക്കും.
അല്ലാത്തവരെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റും.
13,000ത്തോളം പേർ നിരീക്ഷണത്തിൽ കഴിയുന്ന ജില്ലയിൽ അവർക്ക് ആവശ്യം വന്നാൽ എളുപ്പത്തിൽ എത്താൻ കഴിയുന്നത് കളമശ്ശേരി മെഡിക്കൽ കോളജിലാണ്.
കോവിഡ് അല്ലാത്ത സ്പെഷാലിറ്റി ചികിത്സക്ക് കൂടി മെഡിക്കൽ കോളജിൽ സൗകര്യം ഒരുക്കാൻ ആശുപത്രി അധികൃതർക്ക് നിർദേശം നൽകിയെന്ന് മന്ത്രി വി.എസ്. സുനിൽ കുമാർ പറഞ്ഞു. ഡി.എം.ഒയും പ്രിൻസിപ്പലും ആലോചിച്ച് ക്രമീകരണം ഒരുക്കും. എറണാകുളം പി.വി.എസ് ആശുപത്രിയിൽ രോഗികളെ സ്ക്രീൻ ചെയ്ത് കോവിഡ് പോസിറ്റീവ് എങ്കിൽ മെഡിക്കൽ കോളജിലേക്കും അല്ലാത്തവരെ ജനറൽ ആശുപത്രിയിലേക്കും മാറ്റും.