ആലുവ: ഉളിയന്നൂരിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. ഉളിയന്നൂർ വർത്തോടത്ത് കവലയിൽ പ്രവർത്തിക്കുന്ന എൻജിനീയറിങ് വർക്ഷോപ്പിനോട് ചേർന്ന മുറിയിലാണ് പാചകത്തിന്ന് ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത്.
ഇവിടെ വാടകക്ക് താമസിക്കുന്ന പട്ടാമ്പി സ്വദേശി ജിതേഷാണ് അപകടത്തിൽപെട്ടത്. ഈ സമയം ഇയാൾ മാത്രമാണ് മുറിയിലുണ്ടായിരുന്നത്. ശബ്ദംകേട്ട് ഓടിയെത്തിയ സമീപവാസികൾ ഇയാളെ ആലുവയിലെ ആശുപത്രിയിലും തുടർന്ന് എറണാകുളത്തേക്കും കൊണ്ടുപോയി. പിന്നീട് വിദഗ്ധ ചികിത്സക്ക് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.
ആലുവയിൽനിന്നെത്തിയ അഗ്നിരക്ഷ യൂനിറ്റ് തീയണച്ചു. രക്ഷാപ്രവർത്തനങ്ങൾക്ക് നാട്ടുകാരായ സുധീർ പനഞ്ഞിക്കുഴി, സിയാദ് പറമ്പത്തോടത്ത്, കെ.ഐ. കബീർ, നജീബ് കുറുടപറമ്പിൽ, ഗഫൂർ ചക്കലാകുഴി, നിഷാദ് അവൽകുഴി, കുഞ്ഞാറു മുപ്പുകണ്ടത്തിൽ, അസ്ലം പള്ളത്ത് എന്നിവർ നേതൃത്വം നൽകി. നിലവിൽ ഈ പ്രദേശം കെണ്ടയ്ൻമെൻറ് സോണാണ്. ഇവിടെ ഇലക്ട്രിക് പണി ചെയ്യുന്ന ജിതേഷിന് നാട്ടിൽ പോകാൻ കഴിഞ്ഞിരുന്നില്ല.