വിദ്യാര്‍ഥിയെ മയക്കുമരുന്ന് നല്‍കി ഭീഷണിപ്പെടുത്തി സ്വര്‍ണം തട്ടി
text_fieldsപിടിയിലായ സഹോദരങ്ങള്‍
പള്ളുരുത്തി: പതിനാറുകാരനായ വിദ്യാർഥിയെ മയക്കുമരുന്ന് നല്‍കി പ്രലോഭിപ്പിച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണം തട്ടിയെടുത്ത കേസില്‍ സഹോദരങ്ങള്‍ പിടിയില്‍. പള്ളുരുത്തി മങ്കാമഠം ലൈനില്‍ തറേപ്പറമ്പില്‍ വീട്ടില്‍ ആൽഫിൻ ആൻറണി (26), റെന്‍ഫിന്‍ ആന്റണി(21) എന്നിവരെയാണ് പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്.
വിദ്യാർഥിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്. പ്രതികള്‍ വിദ്യാർഥിയുമായി സൗഹൃദം സ്ഥാപിച്ച് മയക്കുമരുന്ന് നല്‍കി അടിമയാക്കിയശേഷം ലഹരി ഉപയോഗിക്കുന്ന കാര്യം മാതാപിതാക്കളെ അറിയിക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയും പണം കിട്ടുന്നതിന് ദേഹോപദ്രവം ഏല്‍പ്പിക്കുകയുമായിരുന്നു.
ഇതിനുശേഷം വീട്ടില്‍നിന്ന് സ്വർണം എടുത്തു കൊണ്ടുവരണമെന്നും അല്ലെങ്കിൽ ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ കൈയിലുണ്ടെന്നും അത് വീട്ടുകാരെ കാണിക്കുമെന്നും സമൂഹ മാധ്യമങ്ങളിൽ ഇടുമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തി.
ഗത്യന്തരമില്ലാത്ത വിദ്യാർഥി അമ്മയുടെ ഒന്നര പവൻ സ്വർണ പാദസരം വീട്ടിൽനിന്ന് എടുക്കുകയും അത് പ്രതികൾ കൈക്കലാക്കുകയും ചെയ്തു. വിദ്യാർഥി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ കാണാതായതുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്തപ്പോഴാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്.
സ്വര്‍ണം വിറ്റു പ്രതികൾ പണം കൈക്കലാക്കി എന്നാണ് അന്വേഷണത്തിൽ വെളിവായിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

