പള്ളുരുത്തി: ചാക്കിൽ മണൽ നിറച്ച് കടലിനെ പ്രതിരോധിക്കുകയാണ് ചെല്ലാനം നിവാസികൾ. കഴിഞ്ഞ ദിവസങ്ങളിൽ രൂക്ഷമായ കടൽകയറ്റം അനുഭവപ്പെട്ട ചെല്ലാനം ബസാർ, കണ്ടക്കടവ്, കണ്ണമാലി, മറുവക്കാട് എന്നിവിടങ്ങളിലായി ഇരുപതിനായിരത്തോളം ചാക്കുകളാണ് മണൽ നിറച്ച് നിരത്തിയിരിക്കുന്നത്.
കടൽകയറിയപ്പോൾ കരയിലേക്ക് ഒഴുകിയെത്തിയ മണലാണ് നാട്ടുകാർ ചാക്കുകളിലാക്കി കടൽഭിത്തി തകർന്നു കിടക്കുന്നതും ഇല്ലാത്തതുമായ പ്രദേശങ്ങളിൽ നിരത്തിയിരിക്കുന്നത്. ആറടി ഉയരത്തിൽ 10 തട്ടുകളിലായാണ് ചാക്കുകൾ നിരത്തിയത്.
ഹൈബി ഈഡൻ എം.പി ചാക്കുകളും എക്സ്കവേറ്ററും മണൽ നിറക്കാനെത്തിയ നാട്ടുകാർക്ക് ഭക്ഷണവും എത്തിച്ചുനൽകി. നാട്ടുകാരുടെ നേതൃത്വത്തിൽ വിശ്രമമില്ലാതെയാണ് മണൽചാക്കുകൾ നിറച്ച് നിരത്തിയത്.
വ്യാഴാഴ്ച ചെല്ലാനത്തെ ഏഴ്, എട്ട്, 10 വാർഡുകളിൽ മണൽ ചാക്കുകൊണ്ടുള്ള ഭിത്തി പൂർത്തിയായിവരുന്നതായും നാട്ടുകാർ പറഞ്ഞു. റോയി ആലുംപറമ്പിൽ, ടി.ഡബ്ല്യു. വർഗീസ്, നിക്സൻ കൈതവേലി, പി.ഇ. സേവ്യർ, ടി.എക്സ്. വർഗീസ്, കെ.പി. റാഫേൽ, എ.എസ്. ആൻറണി, കെ.ജെ. സെബാസ്റ്റ്യൻ, വി.ജെ. ജിബിൻ, വി.പി. സെജൻ, എം.എക്സ്. സാബു, വി.ജെ. നിബിൻ, പി.എം. ലിതിൽ, കെ.എസ്. ജിജോ, സി.ജെ. അലക്സ് എന്നിവരാണ് നേതൃത്വം നൽകിയത്.