പൊലീസ് സ്റ്റേഷനിൽനിന്ന് ഇറങ്ങിയോടി യുവാവിെൻറ ആത്മഹത്യശ്രമം
text_fieldsആലുവ: യുവതി വിവാഹാലോചന നിരസിച്ചതിെൻറ പേരിൽ യുവാവ് പൊലീസ് സ്റ്റേഷനിൽനിന്ന് ഇറങ്ങിയോടി ആത്മഹത്യക്ക് ശ്രമിച്ചു. ഏറെനേരത്തിനുശേഷം മാതാപിതാക്കൾ അനുനയിപ്പിച്ച് പിന്തിരിപ്പിച്ചു. പാലക്കാട് സ്വദേശിയായ നാഗരാജാണ് (30) വെള്ളിയാഴ്ച രാവിലെ 11ഒാടെ പൊലീസിനെയും നാട്ടുകാരെയും ഭീതിയിലാക്കിയത്. പാലക്കാട് സ്വദേശിയായ യുവതി പഠനവുമായി ബന്ധപ്പെട്ട് ആലുവയിലാണ് മാതാവിനൊപ്പം വാടകക്ക് താമസിക്കുന്നത്. പിതാവ് പാലക്കാട്ടുതന്നെയാണ് താമസം.
മൂന്നുവർഷം മുമ്പ് യുവതിയുടെ പിതാവ് മുഖേന നാഗരാജുമായി വിവാഹാലോചന നടത്തി. ഇതേതുടർന്ന് ഇരുവരും സൗഹൃദത്തിലായെങ്കിലും യുവാവിെൻറ സ്വഭാവത്തിൽ മാറ്റം കണ്ടതിനെത്തുടർന്ന് യുവതി പിന്മാറി.
ഇതിെൻറ പേരിൽ സമൂഹമാധ്യമത്തിലൂടെ യുവതിയെ അധിക്ഷേപിച്ച് ഇയാൾ പോസ്റ്റിട്ടു. ഇതിനെതിരെ യുവതി ആലുവ പൊലീസിൽ പരാതി നൽകിയതിനെത്തുടർന്നാണ് നാഗരാജിനെ വെള്ളിയാഴ്ച സ്റ്റേഷനിൽ വിളിച്ചുവരുത്തിയത്. സി.ഐ എൻ. സുരേഷ് കുമാർ ഇരുവരുടെയും കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ വിവരങ്ങൾ ചോദിച്ചറിയുന്നതിനിടെയാണ് ഇയാൾ ഇറങ്ങിയോടിയത്. നഗരസഭ ഗ്രൗണ്ടിലേക്ക് ഓടിയ യുവാവ് ഗ്രൗണ്ടിലെ കെട്ടിടത്തിന് മുകളിലെ വാട്ടർ ടാങ്കിൽ കയറിയാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്.
പിന്നീട്, ഇയാളുടെ മാതാപിതാക്കൾതന്നെ അനുനയിപ്പിച്ച് ഇറക്കുകയായിരുന്നു. ഇരുവരുടെയും വീട്ടുകാർക്ക് പരാതിയില്ലാത്തതിനാൽ കേസെടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

